തൊഴിലാളി യൂണിയനുകള്‍ പദ്ധതിയിട്ടിരുന്ന 24 മണിക്കൂര്‍ ട്യൂബ് ട്രെയിന്‍ സമരം പിന്‍വലിച്ചു. തൊഴിലാളി യൂണിയന്‍ പ്രതിനിധികളും ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മാനേജര്‍മാരും നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. പുതുതായി രൂപീകരിച്ച നൈറ്റ് ട്യൂബ് സര്‍വീസില്‍ തൊഴിലാളികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ ചൊല്ലി ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മാനേജര്‍മാരും തൊഴിലാളി യൂണിയനുകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.
തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുറന്നിടുന്നതിനാണ് പ്രഖ്യാപിച്ച സമരത്തില്‍നിന്ന് പിന്നോട്ടു പോകുന്നതെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ഇനിയും ചര്‍ച്ചകള്‍ നടത്തിയിട്ടും സമവായത്തില്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കില്‍ സെപ്തംബര്‍ എട്ടിനും പത്തിനും സമരം നടത്തുമെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.
ഈ ബുധനാഴ്ച്ചയും വെള്ളിയാഴ്ച്ചയും നടത്താനിരുന്ന സമരം നടക്കുകയായിരുന്നെങ്കില്‍ തൊഴിലാളി വേതനം, തൊഴിലാളികളുടെ സൗകര്യങ്ങള്‍ എന്നിവയ്ക്ക് വേണ്ടി നടത്തുന്ന മൂന്നാം റൗണ്ട് സമരമായേനെ ഇത്. ഇപ്പോഴും അധികൃതരുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ വേണ്ടെന്ന് വെയ്ക്കാനുള്ള തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണഅടെന്ന് യുണൈറ്റ് റീജിയണല്‍ ഓഫീസര്‍ ഹ്യൂഗ് റോബര്‍ട്ട്‌സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല