1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2023

സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിലേക്ക് മണ്ണി‌ടിഞ്ഞ് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ അഞ്ചാംദിവസവും തീവ്രശ്രമം. 40 തൊഴിലാളികളാണ് 96 മണിക്കൂറിലേറെയായി തുരങ്കത്തിനുളളിൽ കുടുങ്ങി കിടക്കുന്നത്. തൊഴിലാളികൾക്ക് പനി ഉൾപ്പെടെയുളള ശാരീരികാസ്വാസ്ഥതകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഇവർക്ക് ട്യൂബുകൾ വഴി ഭക്ഷണവും വെളളവും മരുന്നുകളും നൽകുന്നത് തുടരുന്നുണ്ട്.

രക്ഷാപ്രവർത്തകർ കുടുങ്ങികിടക്കുന്ന തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. തൊഴിലാളികളുടെ ആത്മവിശ്വാസം ചോരാതെ നോക്കുകയാണ് ലക്ഷ്യം. 2018 തായ്വാനിലെ ​ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച തായ്ലാൻഡിലേയും നോർവെയിലേയും റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനത്തിന് എത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

രക്ഷപ്രവർത്തനത്തിനായി യുഎസ് നിർമിത ഡ്രില്ലിങ് ഉപകരണമായ അമേരിക്കൻ ആ​ഗർ എത്തിച്ചിട്ടുണ്ട്. ചിൻയാലിസോർ വിമാനത്താവളം വഴിയാണ് അമേരിക്കൻ ആ​ഗർ എത്തിച്ചത്. 4.42 മീറ്റര്‍ നീളവും 2.22 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുള്ള അമേരിക്കന്‍ ആഗറിന് 25 ടണ്ണോളം ഭാരമുണ്ട്. ചൊവ്വാഴ്ച രാത്രി മുതൽ ആ​ഗർ ഉപയോ​ഗിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യന്ത്രം തകരാറിലായത് ആശങ്കവർധിപ്പിച്ചിരുന്നു.

തുരങ്കത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അകത്തേക്ക് അമേരിക്കന്‍ ആഗര്‍ ഉപയോഗിച്ച് കുഴിയെടുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് 800-900 മില്ലീമീറ്റര്‍ വ്യാസമുള്ള മൃദുവായ സ്റ്റീല്‍ പൈപ്പുകള്‍ കടത്തിവിടും. അതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഇഴഞ്ഞ് പുറത്തെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഞായറാഴ്ച രാവിലെ ഏഴോടെയാണ് ബ്രഹ്മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തിൽ മണ്ണിടിച്ചിലുണ്ടായത്. ചാർധോം റോഡ് പദ്ധതിയുടെ ഭാ​ഗമായി നിർമിക്കുന്ന തുരങ്കം യാഥാർഥ്യമായാൽ ഉത്തരാകാശിയിൽ നിന്ന് യമുനോത്രിയിലേക്കുളള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.