സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കത്തില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാന്‍ തായിലന്‍ഡിലെ വിദഗ്ധ സംഘത്തിന്റെ ഉപദേശം തേടിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി വി.കെ.സിങ്. അപകടസ്ഥലം സന്ദര്‍ശിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2018-ല്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളേയും പരിശീലകനേയും സാഹസികമായി രക്ഷിച്ച കമ്പനിയുമായാണ് ദൗത്യസംഘം ആശയവിനിമയം നടത്തിയത്.
‘രക്ഷാദൗത്യം വേഗത്തിലാക്കാനുള്ള എല്ലാശ്രമങ്ങളും നടക്കുന്നുണ്ട്. ഒരുപക്ഷെ ഇത് പൂര്‍ത്തിയാക്കാന്‍ രണ്ടോ മൂന്നാം ദിവസം വേണ്ടിവന്നേക്കാം. ചില അപ്രതീക്ഷിത ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. നേരത്തെ ഉപയോഗിച്ച യന്ത്രങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ യുഎസ് നിര്‍മിത ഡ്രില്ലിങ് ഉപകരണമാണ് വിന്യസിച്ചിരിക്കുന്നത്. തൊഴിലാളികള്‍ സുരക്ഷിതരാണ്. അവരുടെ മനോവീര്യം വളരെ വലുതാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധരില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കും’- മന്ത്രി പറഞ്ഞു.
അതേസമയം, തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അഞ്ചാം ദിവസവും തീവ്രശ്രമം തുടരുകയാണ്. 96 മണിക്കൂറിലേറെയായി ഇവര്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ട്യൂബുകള്‍ വഴി ഭക്ഷണവും വെള്ളവും മരുന്നുകളും നല്‍കുന്നത് തുടരുന്നുണ്ട്. ഇതിനിടെ യുഎസ് നിര്‍മിത ഡ്രില്ലിങ് ഉപകരണമായ ‘അമേരിക്കന്‍ ആഗര്‍’ എത്തിയത് രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമാകും.
വേഗത്തില്‍ കുഴിയെടുക്കാന്‍ കഴിയുന്നതിലൂടെ ഇത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ സഹായിക്കും. കഴിഞ്ഞദിവസം ചിന്‍യാലിസോര്‍ വിമാനത്താവളം വഴിയാണ് അമേരിക്കന്‍ ആഗര്‍ എത്തിച്ചത്. 4.42 മീറ്റര്‍ നീളവും 2.22 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമുള്ള അമേരിക്കന്‍ ആഗറിന്, 25 ടണ്ണോളം ഭാരമുണ്ട്. ചൊവ്വാഴ്ച രാത്രിമുതല്‍ ഉപകരണംവെച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
തുരങ്കത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ അകത്തേക്ക് അമേരിക്കന്‍ ആഗര്‍ ഉപയോഗിച്ച് കുഴിയെടുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് 800-900 മില്ലീമീറ്റര്‍ വ്യാസമുള്ള മൃദുവായ സ്റ്റീല്‍ പൈപ്പുകള്‍ കടത്തിവിടും. അതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഇഴഞ്ഞ് പുറത്തെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു.
ബ്രഹ്‌മഖല്‍ – യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തില്‍ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാര്‍ധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ഉത്തരകാശിയില്‍നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയില്‍ 26 കിലോമീറ്റര്‍ ദൂരം കുറയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല