സ്വന്തം ലേഖകൻ: ഉത്തരകാശിയിലെ സില്‍ക്യാരയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയത്തിനരികിലെന്ന് സൂചന. തുരങ്കം തുളയ്ക്കാന്‍ ഇനി 18 മീറ്റര്‍ കൂടി മാത്രമേയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കൂറ്റന്‍ ആഗര്‍യന്ത്രം ഉപയോഗിച്ചാണ് തുരങ്കം തുളയ്ക്കുന്നത്. ‘അടുത്ത 24 മണിക്കൂറിനുള്ളില്‍, അതായത് ഇന്ന് രാത്രിയിലോ അല്ലെങ്കില്‍ നാളെയോ ഒരു വലിയ വാര്‍ത്ത പ്രതീക്ഷിക്കാം’ രക്ഷാദൗത്യസംഘം അറിയിച്ചു.
’39 മീറ്റര്‍ ഡ്രില്ലിംഗ് പൂര്‍ത്തിയായി എന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. തൊഴിലാളികള്‍ 57 മീറ്റര്‍ അടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കാക്കുന്നത്. ഇനി 18 മീറ്റര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ’, ഉത്തരാഖണ്ഡ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ മഹമൂദ് അഹമ്മദ് പറഞ്ഞു.
അപകടം നടന്ന് 11-ാം ദിവസത്തില്‍ തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവാകുന്ന പ്രക്രിയ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള വഴി നല്‍കുന്നതിനായി തുരന്ന ദ്വാരങ്ങളിലേക്ക് ഘടിപ്പിക്കാനുള്ള പൈപ്പുകളുടെ വെല്‍ഡിങ് ആണെന്നും അഹമ്മദ് പറഞ്ഞു.
വെല്‍ഡിങ് ആണ് ഏറ്റവും പ്രധാനം.ഇതിന് സമയമെടുക്കും. തുളയ്ക്കാന്‍ അധികം സമയമെടുക്കില്ല. 18 മീറ്റര്‍ പൈപ്പുകള്‍, അതായത് മൂന്ന് ഭാഗങ്ങള്‍ ഉള്ളിലെത്തിക്കാന്‍ ഏകദേശം 15 മണിക്കൂര്‍ എടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തടസ്സങ്ങളൊന്നുമില്ലെങ്കില്‍, ഇന്ന് രാത്രിയോ നാളെ രാവിലെയോ വലിയ വാര്‍ത്ത ലഭിച്ചേക്കാം. അത് ഞങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നു. ത്വരിതഗതിയിലുള്ള നടപടികളാണ് നടന്നു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇനി ശേഷിക്കുന്ന ഭാഗം വളരെ നിര്‍ണായകമാണെന്നും അഹമ്മദ് വ്യക്തമാക്കി.
കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആദ്യം തിരിച്ചടിയായത് അവശിഷ്ടങ്ങള്‍ക്കിടയിലെ സ്റ്റീല്‍ കഷണങ്ങളും പാറക്കല്ലുകളും. നവംബര്‍ 12-ന് കൂറ്റന്‍ ആഗര്‍യന്ത്രം ഉപയോഗിച്ച് ആരംഭിച്ച തുളയ്ക്കല്‍ തുരങ്കം കൂടുതല്‍ തകരാനിടയാക്കുമെന്നും തൊഴിലാളികളുടെ ജീവന് ഭീഷണിയാകുമെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. തുടര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന പ്രദേശം ശക്തിപ്പെടുത്തിയാണ് ഡ്രില്ലിങ് പുനരാരംഭിച്ചത്.
തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തുരങ്കത്തിനകത്തേക്ക് തിങ്കളാഴ്ച സ്ഥാപിച്ച കുഴലിലൂടെ എന്‍ഡോസ്‌കോപിക് ക്യാമറ കടത്തി തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. മറ്റൊരു നാലിഞ്ച് കംപ്രസര്‍ ട്യൂബ് വഴി തൊഴിലാളികള്‍ പുറത്തുള്ള ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുഴലിലൂടെ തുരങ്കത്തിനുള്ളിലെത്തിച്ച ഭക്ഷണ സാധനങ്ങള്‍ അവര്‍ സ്വീകരിക്കുന്നതും പരസ്പരം സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തൊഴിലാളികളുമായി വാക്കി-ടോക്കികള്‍ വഴിയാണ് ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥര്‍ സംസാരിക്കുന്നത്.
കോണ്‍ക്രീറ്റ് തുരങ്കത്തിന്റെ രണ്ടുകിലോമീറ്റര്‍ ഭാഗമാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി.), സതല്ജ് ജല്‍വിദ്യുത് നിഗം ലിമിറ്റഡ് (എസ്.ജെ.വി.എന്‍.എല്‍.) റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍.വി.എന്‍.എല്‍.), നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍.എച്ച്.ഐ.ഡി.സി.എല്‍), തെഹ്രി ഹൈഡ്രോ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ടി.എച്ച്.ഡി.സി.എല്‍), റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍.വി.എന്‍.എല്‍.) തുടങ്ങിയ ഏജന്‍സികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര ടണലിങ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്‌സന്റെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുക്കുന്നുണ്ട്.
തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളില്‍ 15 പേര്‍ ഝാര്‍ഖണ്ഡ് സ്വദേശികളാണ്. ഉത്തരാഖണ്ഡ് (2), ഹിമാചല്‍പ്രദേശ് (1), ഉത്തര്‍പ്രദേശ് (8), ബിഹാര്‍ (5), പശ്ചിമ ബംഗാള്‍ (3), അസം (2), ഒഡിഷ (5) എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മറ്റുള്ളവര്‍. കൂടുതല്‍ ഭക്ഷണവും മരുന്നും എത്തിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല