സ്വന്തം ലേഖകൻ: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. തിരശ്ചീനമായി തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുകളില്‍ നിന്ന് താഴോട്ട് തുരക്കാനുള്ള (വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്) ശ്രമമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അമേരിക്കന്‍ നിര്‍മ്മിത ഓഗര്‍ മെഷീന്‍ ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിങ് നടത്തിയത്. എന്നാല്‍ ഈ മെഷീന്‍ തകരാറിലായതോടെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇതോടെയാണ് മുകളില്‍ നിന്ന് തുരന്ന് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമം ആരംഭിച്ചത്.
തകരാറിലായ ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ തുരങ്കത്തില്‍നിന്ന് പൂര്‍ണ്ണമായി നീക്കി. അകത്തുള്ള പൊട്ടിയ പൈപ്പുകള്‍കൂടി നീക്കംചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. പൈപ്പ് നീക്കംചെയ്താല്‍ രക്ഷാപ്രവര്‍ത്തകര്‍ അകത്തുകയറി യന്ത്രസഹായമില്ലാതെ തുരന്ന് മുന്നോട്ട് പോകാനും ശ്രമിക്കും. ഇന്ത്യന്‍ സൈന്യവും തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായിട്ടുണ്ട്. ഓഗര്‍ മെഷീന്റെ ഭാഗങ്ങള്‍ നീക്കംചെയ്തത് സൈനികരാണ്.
മുകളില്‍നിന്ന് താഴോട്ട് ആകെ 110 മീറ്ററാണ് തുരക്കേണ്ടത്. നിലവില്‍ 20 മീറ്ററോളം തുരന്നുകഴിഞ്ഞു. ഇതേ വേഗതയിലാണ് തുരക്കല്‍ പുരോഗമിക്കുന്നതെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തൊഴിലാളികളെ രക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുകളില്‍നിന്നുള്ള തുരക്കല്‍ പൂര്‍ത്തിയായാല്‍ ഇതുവഴി സ്റ്റീല്‍ പൈപ്പ് ഇറക്കും. തുടര്‍ന്ന് ബക്കറ്റുകള്‍ ഇറക്കി അതില്‍ കയറ്റി ‘എയര്‍ ലിഫ്റ്റ്’ ചെയ്താണ് തൊഴിലാളികളെ പുറത്തെത്തിക്കുക.
അതേസമയം, വശത്തുകൂടിയുള്ള ഡ്രില്ലിങ്ങും ഇതിനൊപ്പം നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. മുകളില്‍ നിന്നുള്ള തുരക്കലിന് നിലവില്‍ തടസമില്ലെങ്കിലും മുന്നോട്ട് പോകുന്തോറും എന്തെങ്കിലും തടസം നേരിട്ടാല്‍ ‘പ്ലാന്‍ ബി’ എന്ന നിലയിലാണ് വശത്തുനിന്നുള്ള ഡ്രില്ലിങ്ങും നടത്തുന്നത്. പൈപ്പുകളുടെ അവശിഷ്ടം നീക്കംചെയ്താലുടന്‍ രക്ഷാപ്രവര്‍ത്തകര്‍ പണിയായുധങ്ങള്‍ ഉപയോഗിച്ച് വശത്തുനിന്ന് തുരക്കുന്ന പ്രവൃത്തി ആരംഭിക്കും. സൈന്യമാണ് ഇതിന് മേൽനോട്ടം വഹിക്കുക.
കുടുങ്ങിയ 41 തൊഴിലാളികളും ഉള്ളില്‍ സുരക്ഷിതരാണെന്നും ഇവര്‍ക്കുള്ള വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തുരങ്കത്തില്‍നിന്ന് പുറത്തെത്തിച്ചാല്‍ ഉടന്‍ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും. ഇതിനുള്ള ആംബുലന്‍സുകളും ഡോക്ടര്‍മാരും ഉള്‍പ്പെടെ തുരങ്കത്തിനുപുറത്ത് സജ്ജമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല