സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയ സൈറ്റുകളായ ട്വിറ്ററിനും യൂട്യൂബിനും തുര്‍ക്കി സര്‍ക്കാര്‍ കര്‍ട്ടനിട്ടു. ചീഫ് പ്രോസിക്യൂട്ടറെ ബന്ദിയാക്കിയ സംഭവത്തില്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് തുര്‍ക്കിയുടെ നടപടി.
ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഫോട്ടോകള്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആയുധമാക്കുന്നതായി പ്രധാനമന്ത്രി അഹമ്മദ് ദാവുതോഗ്ലു അഭിപ്രായപ്പെട്ടു.
നേരത്തെ സംഭവത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ മാധ്യമങ്ങളെ പ്രോസിക്യൂട്ടറുടെ ശവസംസ്‌ക്കാര ചടങ്ങുകള്‍ ചിത്രീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിലക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാവാതിരുന്ന 166 ഓളം വെബ്‌സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
തുര്‍ക്കിയിലെ പല പ്രമുഖ വര്‍ത്തമാന പത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളും ഇവയില്‍ ഉള്‍പ്പെടും. കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ നിരോധിക്കപ്പെട്ട സംഘടനയായ റവല്യൂഷനറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇസ്താംബുളിലെ കോടതി സമുച്ചയത്തില്‍ അതിക്രമിച്ചു കയറി ചീഫ് പ്രോസിക്യൂട്ടറായ മെഹ്മത്ത് സെലിം കിറാസിനെ ബന്ദിയാക്കിയത്.
തുടര്‍ന്ന് സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പ്രോസിക്യൂട്ടറും രണ്ടു തീവ്രവാദികളും കൊല്ലപ്പെട്ടു. പിന്നീട് ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല