1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2016

സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയനും ജര്‍മനിയുമായി ഉടക്കി തുര്‍ക്കി, അഭയാര്‍ഥി കൈമാറ്റ കരാര്‍ റദ്ദാക്കാന്‍ സാധ്യത. യൂറോപ്യന്‍ യൂണിയനുമായി കരാര്‍ ഒപ്പുവെക്കുമ്പോള്‍ യൂനിയന്‍ വാഗ്ദാനം ചെയ്ത പല കാര്യങ്ങളും ഇനിയും യാഥാര്‍ഥ്യമാകാത്തതാണ് തുര്‍ക്കിയെ ചൊടിപ്പിക്കുന്നത്. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത്ത് ഖാവുസ് ഒഗ്ലുവാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.

തുര്‍ക്കി വലിയ തോതില്‍ ജാഗ്രത പുലര്‍ത്തുന്നതുകൊണ്ടാണ് യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം നിയന്ത്രിക്കാനായത്. എന്നാല്‍, തുര്‍ക്കി പൗരന്മാര്‍ക്ക് വിസയില്ലാതെതന്നെ യൂറോപ്യന്‍ യൂനിയനിലേക്ക് കടക്കാന്‍ അനുവദിക്കുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ കരാര്‍ തുടരണോ എന്ന് തങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം ജര്‍മന്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം കൊളോണ്‍ നഗരത്തില്‍ ഞായറാഴ്ച എര്‍ദോഗന്‍ അനുഭാവികള്‍ നടത്തിയ റാലിയെ വീഡിയോ ലിങ്കിലൂടെ അഭിസംബോധന ചെയ്യാന്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന് അനുമതി നിഷേധിച്ച ജര്‍മന്‍ അധികൃതരുടെ നടപടി തുര്‍ക്കിയും ജര്‍മനിയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നമായി മാറുകയാണ്. ജര്‍മന്‍ സ്ഥാനപതിയുടെ ഡെപ്യൂട്ടിയെ ഇന്നലെ തുര്‍ക്കി ഭരണകൂടം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

ജൂലൈ 15നു തുര്‍ക്കിയില്‍ നടന്ന സൈനിക അട്ടിമറിനീക്കത്തില്‍ പ്രതിഷേധം രേഖപ്പെടുത്താനായിരുന്നു റാലി സംഘടിപ്പിച്ചത്. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ തുര്‍ക്കിയില്‍നിന്നു ടെലികോണ്‍ഫ്രന്‍സിലൂടെ റാലിയെ അഭിസംബോധന ചെയ്യുമെന്നും സംഘാടകര്‍ വ്യക്തമാക്കി.എന്നാല്‍ ലൈവ് സംപ്രേഷണം നിരോധിച്ചുകൊണ്ട് ജര്‍മനിയിലെ അത്യുന്നത കോടതിയായ ഭരണഘടനാ കോടതി ഉത്തരവിട്ടു.

കൊളോണ്‍ പോലീസ് കീഴ്‌ക്കോടതിയില്‍നിന്നു സമ്പാദിച്ച വിധി ഭരണഘടനാകോടതി ശരിവയ്ക്കുകയായിരുന്നു. എര്‍ദോഗന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രസംഗം സംഘര്‍ഷം വളര്‍ത്താന്‍ ഇടയാക്കുമെന്നു പോലീസ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. തുര്‍ക്കി വംശജരായ 30 ലക്ഷം പേര്‍ ജര്‍മനിയിലെണ്ടെന്നാണ് കണക്ക്.

സൈനിക അട്ടിമറി നീക്കത്തെത്തുടര്‍ന്നു എര്‍ദോഗന്‍ ഭരണകൂടം സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ ജര്‍മനി നേരത്തെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും മറ്റു ജനാധിപത്യ അവകാശങ്ങളും തുര്‍ക്കി ഭരണകൂടം നിഷേധിക്കുകയാണെന്ന് ജര്‍മന്‍ പത്രങ്ങളും ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.