സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പിടിക്കപ്പെട്ട സൈനിക അട്ടിമറിക്കാര്‍ക്ക് കൊടുംപീഡനം, ഭക്ഷണവും വെള്ളവും നല്‍കാതെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്. തുര്‍ക്കി പോലീസ് അട്ടിമറിക്കാരോട് കാട്ടുന്ന ക്രൂരതകളുടെ വിവരം ആംനസ്റ്റി ഇന്റര്‍നാഷണലാണ് പുറത്തുവിട്ടത്. തടവുകാരായി പിടിക്കപ്പെട്ട ഇവരെ ബലാത്സംഗം ചെയ്യുക, ആഹാരമോ വെള്ളമോ നല്‍കാതെ ക്രൂരമായി മര്‍ദ്ദിക്കുക, ഒടിവുകളും പരിക്കുകളുമുള്ളവരെ മതിയായ ചികിത്സ നല്‍കാതെ കാലുകളും കൈകളും അനക്കാന്‍ പോലും കഴിയാത്തവിധം ഇടുങ്ങിയ ഹാളില്‍ കെട്ടിയിടുക തുടങ്ങി കടുത്ത മൃഗീയതയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
10,000 കണക്കിന് തടവുകാരെ കൈകാലുകള്‍ പോലും നിവര്‍ക്കാന്‍ കഴിയാത്ത രീതിയില്‍ കുതിര ലായത്തിലും സ്‌പോര്‍ട്‌സ് ഹാളിലും ഇട്ടതായി മനുഷ്യാവകാശ വിഭാഗം പറയുന്നു. കഴിഞ്ഞയാഴ്ച തുര്‍ക്കിയിലുണ്ടായ അട്ടിമറി സംഭവത്തില്‍ 200 പേര്‍ മരണമടയുകയും 1500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എര്‍ഡോഗനെ പുറത്താക്കാന്‍ ശ്രമിച്ചവരെ പിടികൂടിയത്. രാജ്യത്ത് മൂന്ന് മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
പീഡിപ്പിച്ചതിന് പുറമേ ഭക്ഷണവും വെള്ളവും ചികിത്സ ലഭ്യമാക്കാതിരുന്നതും സ്ഥിതി പരമ ദയനീയമാക്കിയിട്ടുണ്ട്. അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, പിടിക്കപ്പെട്ടവരെ പാര്‍പ്പിച്ചിരുന്ന സ്ഥലത്ത് ഡ്യൂട്ടി ചെയ്തിരുന്നവര്‍ എന്നിവരെല്ലാമായി സംസാരിച്ച ശേഷമാണ് ആംനസ്റ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റൈഡിംഗ് ക്‌ളബ്ബുകളുടെ കുതിരലായങ്ങള്‍ക്ക് പുറമേ അങ്കാരാ ബസ്‌കന്റ് സ്‌പോര്‍ട്‌സ് ഹാള്‍, അങ്കാര പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് സ്‌പോര്‍ട്‌സ് ഹാള്‍ എന്നിവിടങ്ങളിലായിരുന്നു കനത്ത പീഡനം നടന്നിരുന്നത്.
തടവിലുള്ള സീനിയര്‍ സൈനിക ഉദ്യോഗസ്ഥരെ വരെ പോലീസുകാര്‍ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നത് കണ്ടെന്നായിരുന്നു അങ്കാര പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഡ്യൂട്ടി ചെയ്തിരുന്ന ഒരാള്‍ പറഞ്ഞത്. തടവുകാര്‍ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും ചിലര്‍ക്ക് തങ്ങളുടെ കണ്ണുകള്‍ ഉറപ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും ചിലര്‍ അബോധാവസ്ഥയില്‍ ആയിരുന്നെന്നും മറ്റൊരാള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല