സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്ക് ശ്രമം നടത്തിയ 2800 സൈനികരും പിടിയിലായതായി സര്‍ക്കാര്‍, സംഘര്‍ഷത്തില്‍ 265 മരണം. അട്ടിമറി നീക്കത്തില്‍ പങ്കെടുത്ത മുഴുവന്‍ സൈനികരും അറസ്റ്റിലായതായി തുര്‍ക്കി പ്രധാനമന്ത്രി ബിനാലി ലില്‍ദിരിം വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയിലാണ് തുര്‍ക്കിയില്‍ പട്ടാള അട്ടിമറിക്ക് ശ്രമം നടന്നത്.
പട്ടാളത്തിലെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് തയ്യിപ്പ് എര്‍ഡോഗന്റെ ഓഫീസ് പിടിച്ചെടുത്ത് പട്ടാള ഭരണകൂടം സ്ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം ജനത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അട്ടിമറി നീക്കം പരാജയപ്പെട്ടത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. അങ്കാറയിലെ സൈനിക ആസ്ഥാനത്ത് രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്.
തന്റെ എതിരാളി ഫെത്തുല്ല ഗുലന്റെ പിന്തുണയോടെയാണ് സൈന്യം അട്ടിമറി നീക്കം നടത്തിയതെന്ന് പ്രസിഡന്റ് എര്‍ഡോഗന്‍ ആരോപിച്ചു. രാജ്യദ്രോഹ നീക്കം നടത്തിയ സൈനികര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അപ്രതീക്ഷിതമായി ആരംഭിച്ച അട്ടിമറി നീക്കത്തില്‍ രാജ്യത്തെ പ്രധാന റോഡുകളെല്ലാം സൈന്യം പിടിച്ചെടുത്തിരുന്നു.
ഇസ്താംബുളിലെ ബോസ്‌ഫോറസ്, ഫെയ്ത്ത് സുല്‍ത്താന്‍ മുഹമ്മദ് പാലങ്ങള്‍ വഴിയുള്ള ഗതാഗതവും സൈന്യം തടഞ്ഞിരുന്നു. തുടര്‍ന്ന് റാഞ്ചിയെടുത്ത ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പോലീസ് ആസ്ഥാനത്ത് നടത്തിയ ആക്രമണത്തില്‍ 17 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പൊതുജനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല