സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ ശുദ്ധീകരണം തുടരുന്നു, സൈനിക സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍. പട്ടാള അട്ടിമറി ശ്രമം പരാജയപ്പെട്ടതോടെ സൈന്യത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
എല്ലാ സൈനിക വിഭാഗങ്ങളും പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടികള്‍ തുടങ്ങിയതായി പ്രതിരോധമന്ത്രി ഫിക്രി ഐസിക് മാധ്യമങ്ങളെ അറിയിച്ചു. സൈനിക സ്‌കൂളുകള്‍ക്കുപകരം ‘ദേശീയ സൈനിക സര്‍വകലാശാല’ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച സൈന്യത്തിലെ കേണല്‍ റാങ്കിലുണ്ടായിരുന്ന 99 പേരെ ജനറല്‍മാരും അഡ്മിറല്‍മാരുമായി നിയമിച്ചിരുന്നു. അട്ടിമറി അനുകൂലികളെ നീക്കം ചെയ്ത ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തിയത്.
രാജ്യത്തെ ചാരസംഘടനയെയും സൈനിക മേധാവിയെയും നിയന്ത്രണത്തിലാക്കുന്നതിന് ഭരണഘടനാ ഭേദഗതിയും ആലോചനയിലുണ്ടെന്ന് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അട്ടിമറിയെ പിന്തുണച്ച സൈനിക ജനറല്‍മാരും പട്ടാളക്കാരും നേരത്തേ തന്നെ അറസ്റ്റിലാവുകയോ സേനയില്‍നിന്ന് പിരിച്ചുവിടപ്പെടുകയോ ചെയ്തിട്ടുണ്ട്. നാറ്റോ മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ഗ്രൂപ്പായ തുര്‍ക്കി സേനയില്‍ ‘പുതുരക്തങ്ങള്‍’ കൊണ്ടുവരലാണ് ഉര്‍ദുഗാന്റെ ലക്ഷ്യം.
അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപിക്കപ്പെടുന്ന അമേരിക്കയിലുള്ള തുര്‍ക്കി പണ്ഡിതന്‍ ഫത്ഹുല്ല ഗുലനെ അനുകൂലിക്കുന്ന സൈനികരെ നീക്കം ചെയ്ത് പട്ടാളത്തെ പൂര്‍ണമായും സര്‍ക്കാറിന്റെ നിയന്ത്രണത്തിലാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, ഉര്‍ദുഗാന്റെ നടപടികള്‍ക്കെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളെയും കോടതികളെയും നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമായും വിമര്‍ശിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല