സ്വന്തം ലേഖകന്‍: ഭീകരവാദത്തെ പിന്തുണക്കുന്നതും പട്ടാള അട്ടിമറി ആസൂത്രണം ചെയ്തതും പടിഞ്ഞാറന്‍ രാജ്യങ്ങള്‍, പൊട്ടിത്തെറിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. തുര്‍ക്കിയെ ശിഥിലമാക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്കൊപ്പമാണ് അവര്‍ നിലകൊള്ളുന്നതെന്നും തുര്‍ക്കി പ്രസിഡന്റ് തുറന്നടിച്ചു.
തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വിദേശ നിക്ഷേപകര്‍ക്കായി നടത്തിയ പരിപാടിയിലാണ് ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് പരാമര്‍ശിക്കാതെ ഉര്ദുഗാന് വിമര്‍ശിച്ചത്. തുര്‍ക്കിയിലെ പട്ടാള അട്ടിമറിക്കുശേഷം ഒരു വിദേശ നേതാവും രാജ്യം സന്ദര്‍ശിച്ചിട്ടില്ലെന്നും ഫ്രാന്‍സും ബെല്‍ജിയവും സംഭവത്തിനുശേഷം തങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ ജര്‍മനിയെയും അദ്ദേഹം വിമര്‍ശിച്ചു. കോളനില് അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെയും 30000 അനുയായികളെയും താന്‍ അഭിസംബോധന ചെയ്യുന്ന വിഡിയോ ജര്‍മനിയില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ ജര്‍മന്‍ കോടതി ഉത്തരവിട്ടെന്നും ഭീകരവാദികളെക്കുറിച്ചുള്ള 4000 ഫയലുകള്‍ ജര്‍മനിക്ക് നല്‍കിയെങ്കിലും അതില്‍ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയില്‍ ജൂലൈ 15ന് നടന്ന പട്ടാള അട്ടിമറി ശ്രമത്തില്‍ 270 പേര് കൊല്ലപ്പെടുകയും 70000 ഓളം പേര് ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. പിടിയിലായ അട്ടിമറിക്കാരോട് ഉര്‍ദുഗാനും സര്‍ക്കാരും സ്വീകരിച്ച ക്രൂരമായ പ്രതികാര നടപടികള്‍ പാശ്ചാത്യലോകത്തിന്റെ രൂക്ഷ വിമര്‍ശത്തിന് കാരണമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല