1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2011

ഭൂകമ്പം നാശം വിതച്ച ടര്‍ക്കിയില്‍ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരെ സഹായിക്കാനായി അങ്കാറയിലെ എംബസിയില്‍ ഹെല്പ്ലൈന്‍ തുറന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ടര്‍ക്കിയില്‍ 300 ഇന്ത്യന്‍ കുടുംബങ്ങളുണ്ട്. അതേസമയം ഞായറാഴ്ച കിഴക്കന്‍ തുര്‍ക്കിയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ മരിച്ച 265 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 1300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തകര്‍ന്നടിഞ്ഞ വന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.

തുര്‍ക്കിയിലുള്ള ഇന്ത്യക്കാരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ഇന്ത്യ ഹെല്‍പ്ലൈന്‍ ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: +90 530 4403216 ( ഓഫിസ് സമയങ്ങളില്‍). +90 530 3142200 ( ഓഫിസ് സമയം അല്ലാത്തപ്പോള്‍).dcm@indembassy.org.tr എന്ന ഐഡിയിലും ബന്ധപ്പെടാം. മാപിനിയില്‍ 7.2 രേഖപ്പെടുത്തിയ ഭൂകമ്പം കുര്‍ദുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വാന്‍ പ്രവിശ്യയിലും എര്‍സിജ് ജില്ലയിലുമാണ് കനത്ത നാശം വിതച്ചത്. നൂറുകണക്കിന് രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ ഞായറാഴ്ച രാത്രിമുതല്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തിവരുകയാണ്. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഭരവനരഹിതരായ ആയിരങ്ങളെ സഹായിക്കാന്‍ ടെന്‍റുകളും താല്‍ക്കാലിക ആശുപത്രികളും അടുക്കളകളും തയാറാക്കിയിട്ടുണ്ട്.

ഗ്രാമങ്ങളിലെ നൂറുകണക്കിന് മണ്‍കട്ട വീടുകളും നഗരങ്ങളിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 970 കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഏറ്റവും നാശമുണ്ടായ എര്‍സിജ് പ്രദേശത്ത് 80 ബഹുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങളാണ് തകര്‍ന്നത്. ഇതില്‍ 40 കെട്ടിടങ്ങളില്‍ താമസക്കാര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി ഇദ്രിസ് നഈം സാഹിന്‍ പറഞ്ഞു. എര്‍സിജില്‍ മാത്രം 117ഉം വാന്‍ പ്രവിശ്യയില്‍ 100ഉം മൃതദേഹങ്ങള്‍ കണ്ടെടുത്തു. വാന്‍ പ്രവിശ്യയിലെ ജയിലിന്‍െറ ചുമര്‍ ഇടിഞ്ഞു വീണു. 150ഓളം തടവുകാര്‍ രക്ഷപ്പെട്ടു. എന്നാല്‍, ഇതില്‍ കുറച്ചു പേര്‍ ജയിലിലേക്കു തന്നെ തിരിച്ചു വന്നതായി ജയിലധികൃതര്‍ പറഞ്ഞു. വാന്‍- എര്‍സിജ് പ്രധാന ഹൈവേ തകര്‍ന്നിട്ടുണ്ട്.

കിഴക്കന്‍ തുര്‍ക്കിയില്‍ ആദ്യ കമ്പനത്തിനു ശേഷം നൂറോളം തുടര്‍ചലനങ്ങളുണ്ടായതായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഇതില്‍ ഒരു ചലനത്തിന്‍െറ ശക്തി 6.0 ആണ് രേഖപ്പെടുത്തിയത്. ദുരന്ത മേഖലയിലേക്ക് 38 പ്രവിശ്യകളില്‍ നിന്നെത്തിയ 1300 രക്ഷാസംഘങ്ങളെ അയച്ചിട്ടുണ്ട്. സൈന്യവും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. 7000 ടെന്‍റുകളും 11,000 കരിമ്പടങ്ങളും സ്റ്റൗകളും ഭക്ഷണവും വിതരണം ചെയ്തിട്ടുണ്ടെന്ന് റെഡ്ക്രസന്‍റ് പ്രവര്‍ത്തകര്‍ അറിയിച്ചു. തുര്‍ക്കിയിലെ ഭരണകൂടത്തിനും ജനങ്ങള്‍ക്കും വന്നുപെട്ട ഈ ദുരന്തത്തിലും ജീവ നാശത്തിലും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.