1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2011

അസ്രയുടെ മേല്‍ മണ്ണുമൂടിയത് 47 മണിക്കൂര്‍. ഭൂമി കാണിച്ച വഴിയിലൂടെ രക്ഷാപ്രവര്‍ത്തകര്‍ ഇറങ്ങിച്ചെന്നപ്പോള്‍ ഒടുവില്‍ അവളെ ജീവനോടെ കണ്ടെടുക്കാനായത് നൂറു കണക്കിന് മരണങ്ങല്‍ക്കിടയിലും നമുക്ക് ആശ്വസിക്കാന്‍ ഒരു കാരണവുമായി. കിഴക്കന്‍ തുര്‍ക്കിയിലെ വാന്‍ മേഖലയിലെ എറിക്സ് പ്രവിശ്യയിലെ വലിയൊരു കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് അസ്രയെ രക്ഷാപ്രവര്‍ത്തകര്‍ മോചിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലോകമാകെ കണ്ടപ്പോള്‍ ടെലിവിഷന്‍ സ്ക്രീനുകളില്‍ നിന്ന് ആ കുഞ്ഞിനെ വാരിയെടുക്കാന്‍ എല്ലാ സ്ത്രീകളും കൊതിച്ചിരിക്കണം. അവളെ ഓമനിക്കാന്‍ വെമ്പുന്ന ഭാവം എല്ലാവരുടേയും മുഖത്തുണ്ടായിരുന്നു.

പണ്ട് മിഥിലയിലെ രാജാവ് ജനകന്‍ യാഗം നടത്താന്‍ ഭൂമി ഉഴുതു മറിച്ചപ്പോള്‍ മണ്ണില്‍ നിന്നു ലഭിച്ചത് ഒരു പെണ്‍കുട്ടിയെ, ഇതിഹാസവും കാലവും അവളെ സീത എന്നു വിളിച്ചു. തുര്‍ക്കിയിലെ ഭൂമി ഇപ്പോള്‍ ഉഴുതു മറിച്ച് വിധി ദുരന്തം വിതച്ചപ്പോഴും ഒരു പിഞ്ചു പെണ്‍കുട്ടിയെ കിട്ടി മണ്ണിന്‍റെ മടിയില്‍ നിന്ന്. പിറന്നിട്ട് പതിനാലു ദിവസം മാത്രമായ ആ പെണ്‍കുഞ്ഞിനെ തിരിച്ചു നല്‍കാനാണ് ഭൂമിക്കു തോന്നിയത്. ഭൂകമ്പം തുര്‍ക്കിയെ ഇളക്കി മറിച്ചു. മരണത്തിന്‍റെ കണക്കില്‍ സംഖ്യകളുടെ ഗ്രാഫ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അവശിഷ്ടങ്ങളുടെ ആഴങ്ങളില്‍ നിന്ന് അസ്രയെ തിരിച്ചു തന്നു ഭൂമിയുടെ മനസ്.

അസ്ര കാരാഡുമാന്‍ അതാണ് അവളുടെ മുഴുവന്‍ പേര്. അസ്ര എന്നാല്‍ ഹീബ്രു ബാഷയില്‍ സഹായം എന്നര്‍ഥം. തകര്‍ന്ന ആറു നില കെട്ടിടത്തിന്‍റെ അവശിഷ്ടത്തില്‍ അസ്രയുണ്ട് എന്നു തിരിച്ചറിഞ്ഞതു മുതല്‍ അവളെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. അവരില്‍ ഒരാള്‍ അവളെ കണ്ടെത്തുകയും വാരിയെടുത്ത് ഒരു ബ്ലാങ്കറ്റില്‍ പൊതിഞ്ഞു മുകളില്‍ ആകാംക്ഷയോടെ കാത്തുനിന്നവര്‍ക്ക് കൈമാറിയപ്പോള്‍ കരഘോഷം മുഴങ്ങി. മാധ്യമ പ്രതിനിധികള്‍ പ്രഫഷണലിസത്തിന്‍റെ മുഖംമൂടി വലിച്ചെറിഞ്ഞ് മനുഷ്യരായി. ചിലര്‍ കണ്ണീരു തുടച്ചു. ഫോട്ടൊഗ്രാഫര്‍മാര്‍ ക്ലിക്കു ചെയ്യാന്‍ മറന്നു. എല്ലാവരും കണ്ടു നിന്നു പതിനാലു ദിവസം പ്രായമുള്ള ഒരു കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചു വരുന്നത്.

തൊട്ടു തലേന്ന് ഭൂകമ്പത്തിന്‍റെ അവശിഷ്ട ലോകത്തു നിന്നുള്ള ഒരു ദയനീയ ചിത്രം മറക്കുകയായിരുന്നു എല്ലാവരും. യൂനുസ് ഗെരെ എന്ന പതിമൂന്നു വയസുകാരന്‍റെ കണ്ണുകള്‍ അപ്പോഴും പലരേയും വേട്ടയാടുന്നുണ്ടായിരുന്നു. തിങ്കളാഴ്ചയായിരുന്നു അത്. തകര്‍ന്ന ഒരു കെട്ടിടത്തില്‍ നിന്ന് പത്തു ശവശരീരങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു. അപ്പോഴാണ് യൂനുസിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ ഇന്‍റര്‍നെറ്റ് കഫെയില്‍ ഇരിക്കുമ്പോഴായിരുന്നു ഭൂകമ്പം. പിന്നില്‍ മരിച്ചു വീണ ഒരാളുടെ കൈപ്പത്തി അവന്‍റെ തോളില്‍ അമര്‍ന്നിരുന്നു. ഒരു സുഹൃത്ത് തോളില്‍ കൈയിട്ടതു പോലെയാണത് തോന്നിച്ചത്. യൂനുസിന്‍റെ ഈ ചിത്രം ഭൂകമ്പത്തെ അതിജീവിക്കാന്‍ വെമ്പുന്നവരുടെ പ്രതീകമായി മാറി. പന്ത്രണ്ടു മണിക്കൂറുകള്‍ക്കു ശേഷം യൂനുസിനെ അവശിഷ്ടങ്ങളില്‍ നിന്നു രക്ഷപെടുത്തി. അപ്പോഴും അവനു നല്ല ബോധമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകരോട് അവന്‍ സമയം ചോദിച്ചു. രാത്രി പത്തു മണി. അപ്പോള്‍ അവന്‍ പറഞ്ഞു, ഈശ്വ രാ…എത്ര വൈകി. ഇക്കാര്യം അച്ഛനോടു പറയരുത്…

കാലിലും കൈകളിലും കഴുത്തിലും ഒടിവുണ്ടായിരുന്നു യൂനിസിന്. എന്നാലും രക്ഷപെടുത്താന്‍ കഴിയും എന്നാണ് എല്ലാവരും കരുതിയത്. പെട്ടെന്നു തന്നെ ആശുപത്രിയിലേക്ക് കുതിച്ചു. എന്നാല്‍ പകുതി വഴിക്ക് അവന്‍ അബോധാവസ്ഥയിലായി. ആന്തരികരക്തസ്രാവത്തിന്‍റെ കാണാച്ചുഴിയില്‍ അവന്‍ അകപ്പെട്ടു പോയിരുന്നു. യൂനുസിന്‍റെ വേര്‍പാടു സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് എല്ലാവരേയും മോചിപ്പിക്കുകയായിരുന്നു അസ്ര. അമ്മ സെനിഹ, അച്ഛന്‍ സിനാന്‍, മുത്തച്ഛന്‍ അഹ്മെറ്റ്, മുത്തശ്ശി സാദത്ത് എന്നിവരുമുണ്ടായിരുന്നു വീട്ടില്‍. സിനാന്‍ ഒഴികെ എല്ലാവരേയും രക്ഷിച്ചു. അസ്രയുടെ അച്ഛനായുള്ള തെരച്ചിലും തുര്‍ക്കിയില്‍ വാര്‍ത്താപ്രാധാന്യം നേടുന്നു. ഈ ഭൂമിയില്‍ വന്ന് പതിനാലു ദിവസത്തിനുള്ളില്‍ ഇത്രയേറെ ദുരിതം അനുഭവിച്ച അസ്രയ്ക്ക് ഇനിയൊരു നഷ്ടമുണ്ടാവരുത് എന്നു പ്രാര്‍ഥിക്കുന്നു എല്ലാവരും.

ചുവപ്പും ഓറഞ്ചും സ്യൂട്ടണിഞ്ഞ രക്ഷാപ്രവര്‍ത്തകരില്‍ മെഡിക്കല്‍ ടീം ഏറ്റുവാങ്ങിയ അസ്ര ഇപ്പോള്‍ അങ്കാരയിലെ ആശുപത്രിയില്‍ ഇന്‍ക്യുബേറ്ററിലാണ്. ഒരു രാജ്യം മുഴുവന്‍…അല്ല ടെലിവിഷനില്‍, പത്രങ്ങളില്‍ ഇന്നലെ അസ്രയുടെ മുഖം കണ്ടവരെല്ലാം അവള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നുണ്ട്. ഓക്സിജന്‍ മാസ്കണിഞ്ഞ് ജീവിതത്തിലേക്കു തിരിച്ചു വന്ന ആ നിഷ്കളങ്ക മുഖം മറക്കുവതെങ്ങനെ? ഭൂമി തിരിച്ചേല്‍പ്പിച്ച അസ്ര, തുര്‍ക്കിയിലെ സീത…അവള്‍ ഈ ഭൂമിയില്‍ ജീവിക്കട്ടെ…പരിത്യാഗങ്ങളില്ലാതെ…വനവാസങ്ങളില്ലാതെ… ഇനി ഒരിക്കലും അവള്‍ക്കു മുന്നില്‍ ഭൂമി പിളരാതിരിക്കട്ടെ…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.