
സ്വന്തം ലേഖകൻ: ഭൂകമ്പം വൻകെടുതികൾ തീർത്ത തുർക്കിയിൽ, രണ്ടു ദശാബ്ദമായി ഭരണംകൈയാളുന്ന തയീപ് ഉർദുഗാന് കടുത്ത വെല്ലുവിളിയുമായി പ്രസിഡന്റ്, പാർലമെന്റ് തിരഞ്ഞെടുപ്പുകൾ ഞായറാഴ്ച നടക്കും. പീപ്പിൾ അലയൻസ് സ്ഥാനാർഥിയായ ഉർദുഗാനെതിരേ പ്രതിപക്ഷത്തെ ആറു പാർട്ടികളുടെ സഖ്യമായ നാഷൻ അലയൻസിന്റെ സ്ഥാനാർഥി കെമാൽ ക്ലിച്ച്ദരോലുവാണ് മത്സരരംഗത്തുള്ളത്.
അഭിപ്രായ സർവേകളിൽ ക്ലിച്ച്ദരോലുവിനാണ് നേരിയ മുൻതൂക്കം. ഒരുസ്ഥാനാർഥിയും 50 ശതമാനത്തിലധികം വോട്ട് നേടിയില്ലെങ്കിൽ ഈ മാസം 28-ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കും. മത്സരത്തിൽനിന്ന് പിന്മാറിയ മുഹറം ഇൻസെയുടെ വോട്ടുകൾ സാധുതയുള്ളതായി കണക്കാക്കുമെന്നും രണ്ടാംറൗണ്ട്‌വരെ പിന്മാറ്റം പരിഗണിക്കില്ലെന്നും തുർക്കി ഇലക്ടറൽ ബോർഡ് അറിയിച്ചു.
ജനാധിപത്യത്തിലൂടെയാണ് താൻ അധികാരത്തിൽ വന്നതെന്നും ജനാധിപത്യ പ്രക്രിയയ്ക്ക് അനുസൃതമായി പ്രവർത്തിക്കുമെന്നും ശനിയാഴ്ച നടന്ന അവസാനഘട്ട തിരഞ്ഞെടുപ്പ് റാലിയിൽ ഉർദുഗാൻ പറഞ്ഞു. അതേസമയം രാജ്യത്ത് സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കുമെന്ന് ക്ലിച്ച്ദരോലു ഉറപ്പുനൽകി. രാജ്യം ഭരിക്കാനുള്ള പ്രസിഡന്റിനെയും അഞ്ഞൂറംഗ പാർലമെന്റിനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഞായറാഴ്ച നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല