സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കുര്‍ദുകളുടെ സമാധാന റാലിക്കിടെ രണ്ടു ചാവേറുകള്‍ പൊട്ടിത്തെറിച്ചു, 30 പേര്‍ മരിച്ചു. 126 പേര്‍ക്കു പരുക്കേറ്റതായാണ് വിവരം. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്. തുര്‍ക്കിയില്‍ നവംബര്‍ ഒന്നിനു പൊതു തിരഞ്ഞെടുപ്പു നടക്കാനിരിക്കേയാണു രാജ്യത്തെ നടുക്കിയ സ്‌ഫോടനം.
അങ്കറയിലെ മുഖ്യ റയില്‍വേ സ്റ്റേഷനു സമീപം ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ സ്‌ഫോടനങ്ങള്‍. കുര്‍ദിഷ് അനുകൂല പ്രതിപക്ഷ കക്ഷിയായ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി(എച്ച്ഡിപി)യുടെ റാലിക്കായി ആളുകള്‍ അണിനിരക്കുമ്പോഴായിരുന്നു സംഭവം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
സ്‌ഫോടനത്തെ തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ ശക്തമായി അപലപിച്ചു .ഭീകരതയ്‌ക്കെതിരായ ഏറ്റവും അര്‍ഥപൂര്‍ണമായ പ്രതികരണം ഐക്യദാര്‍ഢ്യവും ഇച്ഛാശക്തിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി അഹ്മദ് ദാവുദോഗ്‌ലു പൊലീസ്, ഇന്റലിജന്‍സ് മേധാവികളുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പു തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂലൈയില്‍ സിറിയന്‍ അതിര്‍ത്തിക്കടുത്ത സുറക്കില്‍ പാര്‍ട്ടി റാലിക്കു നേരെ നടന്ന ആക്രമണവും ഇപ്പോഴത്തെ സ്‌ഫോടനങ്ങളുമായി സാദൃശ്യമുണ്ടെന്നു എച്ച്ഡിപി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) നടത്തിയെന്നു കരുതുന്ന അന്നത്തെ സ്‌ഫോടനത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല