1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2017

 

സ്വന്തം ലേഖകന്‍: തുര്‍ക്കി വിദേശകാര്യ മന്ത്രിയുടെ യാത്ര തടഞ്ഞു, ഡച്ച് സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍. റോട്ടര്‍ഡാമില്‍ നടന്ന രാഷ്ട്രീയ റാലിയില്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി പങ്കെടുക്കാതിരിക്കാനാണ് മന്ത്രിയുടെ യാത്ര ഡച്ച് അധികൃതര്‍ തടഞ്ഞത്. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടന ഭേദഗതിക്കായി തുര്‍ക്കിയില്‍ ഏപ്രിലില്‍ നടക്കുന്ന ഹിതപരിശോധനയുടെ ഭാഗമായി റോട്ടര്‍ഡാമിലെ രാഷ്ട്രീയ റാലിയില്‍ പ്രസംഗിക്കാന്‍ എത്തിയതായിരുന്നു തുര്‍ക്കി കുടുംബക്ഷേമ മന്ത്രി ഫത്മ ബിതൂല്‍ സയാന്‍ കയ.

ശനിയാഴ്ച രാത്രിയോടെയാണ് നയതന്ത്രതലത്തില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന സംഭവങ്ങളുടെ തുടക്കം. റോട്ടര്‍ഡാമിലെ തുര്‍ക്കി കോണ്‍സുലേറ്റിലത്തെിയ മന്ത്രിയെ ഡച്ച് പൊലീസ് തടഞ്ഞുവക്കുകയായിരുന്നു. തുടര്‍ന്ന് തുര്‍ക്കി പതാകകളുമേന്തി കോണ്‍സുലേറ്റിന് പുറത്തത്തെിയ ആയിരക്കണക്കിന് പ്രതിഷേധകരെ ജലപീരങ്കിയും പൊലീസ് നായ്ക്കളെയും ഉപയോഗിച്ച് നേരിട്ടു.

രോഷാകുലരായ ജനക്കൂട്ടം കുപ്പികളും കല്ലുകളുമെറിഞ്ഞ് പൊലീസിനെ പ്രതിരോധിച്ചു. നിരവധി പ്രതിഷേധക്കാരെ പൊലീസ് തല്ലിച്ചതച്ചതായും റിപ്പോര്‍ട്ടുണ്ട്. തിരികെ മടങ്ങാന്‍ വിസമ്മതിച്ച മന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും ഡച്ച് പൊലീസും തമ്മില്‍ മണിക്കൂറോളം വാഗ്വാദവും നടന്നു.

മന്ത്രിയെ പിന്നീട് കനത്ത സുരക്ഷ അകമ്പടിയോടെ ജര്‍മന്‍ അതിര്‍ത്തിയിലേക്ക് മാറ്റി. ജനാധിപത്യത്തിന്റെ പേരില്‍ നെതര്‍ലന്‍ഡ്‌സില്‍ നടന്നത് ഫാഷിസമാണെന്ന് ഫത്മ ട്വിറ്ററില്‍ കുറിച്ചു. ഒരു വനിത മന്ത്രിയോടുള്ള അവരുടെ ഇത്തരത്തിലുള്ള സമീപനം അസ്വീകാര്യമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഹിതപരിശോധനയുടെ പേരില്‍ രാജ്യത്ത് തുര്‍ക്കി മന്ത്രിമാര്‍ പ്രചാരണം നടത്തുന്നത് സ്വീകാര്യമല്ലെന്നാണ് നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ വാദം.

അടുത്താഴ്ച പൊതുതെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഇത്തരം റാലികള്‍ സംഘര്‍ഷത്തിനിടയാക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിനെതിരെ തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം രംഗത്തത്തെി. നെതര്‍ലന്‍ഡ്‌സ് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. വിവാദം കത്തിപ്പടര്‍ന്നതോടെ അങ്കാറയിലെ ഡച്ച് എംബസിയും ഇസ്തംബൂളിലെ കോണ്‍സുലേറ്റും അടച്ചു.

ഡച്ച് നടപടിക്കെതിരെ തുര്‍ക്കിയിലെ നയതന്ത്രമന്ത്രാലയങ്ങള്‍ക്കു മുന്നില്‍ വന്‍ പ്രതിഷേധങ്ങളും അരങ്ങേറി. നേരത്തെ തുര്‍ക്കി വിദേശമന്ത്രി മെവ്‌ലൂത് കാവുസോഗ്ലുവിനും സമാനമായ അനുഭവമുണ്ടായിരുന്നു. ശനിയാഴ്ച റോട്ടര്‍ഡാമില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നതിനാണ് കാവുസോഗ്ലുവിന് നെതര്‍ലന്‍ഡ്‌സ് യാത്രാനുമതി നിഷേധിച്ചത്. വടക്കന്‍ ജര്‍മനിയിലെ ഹാംബര്‍ഗില്‍ കഴിഞ്ഞാഴ്ച നടക്കാനിരുന്ന റാലിയില്‍നിന്നു ഇദ്ദേഹത്തെ തടയുകയും ചെയ്തു.

റോട്ടര്‍ഡാമില്‍ തുര്‍ക്കി മന്ത്രിയെ തടഞ്ഞ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഡച്ച് അധികൃതര്‍ക്ക് രാഷ്ട്രീയമോ നയതന്ത്രമോ എന്തെന്നറിയില്ലെന്നും അവര്‍ നാസികളുടെ അവശിഷ്ടം പേറുന്നവരും ഫാഷിസ്റ്റുകളുമാണെന്നും ആരോപിച്ചു. ഉര്‍ദുഗാന്റെ പ്രസ്താവന പ്രകോപനപരമാണെന്ന് നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി മാര്‍ക് റൂത് പ്രതികരിച്ചു. 55 ലക്ഷം തുര്‍ക്കികള്‍ രാജ്യത്തിനു പുറത്ത് അഭയാര്‍ഥികളായി കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇവരില്‍ ഭൂരിപക്ഷവും ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലാണ്. അടുത്ത മാസം നടക്കുന്ന ഹിതപരിശോധനയില്‍ ഇവരുടെ വോട്ടുകള്‍ ഉറപ്പാക്കാനാണ് ഉര്‍ദുഗാന്‍ കിണഞ്ഞു ശ്രമിക്കുന്നത്. എന്നാല്‍ തുര്‍ക്കിയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ജര്‍മനിയും ആസ്ട്രിയയും വ്യക്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.