സ്വന്തം ലേഖകന്‍: തുര്‍ക്കി ഹിതപരിശോധന, പ്രസിഡന്‍ഷ്യല്‍ ഭരണത്തിന് അംഗീകാരം, പുതിയ അധികാരങ്ങളുമായി സൂപ്പര്‍മാനാകാന്‍ പ്രസിഡന്റ് എര്‍ദോഗാന്‍. രാജ്യത്ത് പാര്‍ലമെന്ററി ഭരണരീതി മാറ്റുന്നതു സംബന്ധിച്ച് ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ ഭൂരിഭാഗം പേരും പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദുഗാന്റെ ഭരണഘടന ഭേദഗതി നീക്കത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.
51.3 ശതമാനം ആളുകളാണ് ഭേദഗതിയെ അനുകൂലിച്ചത്. ആദ്യ 50 ശതമാനം വോട്ടുകളെണ്ണിയപ്പോള്‍ 86 ശതമാനം ‘യെസ്’ വോട്ടുകള്‍ ലഭിച്ചുവെങ്കിലും പിന്നീട് ഭൂരിപക്ഷം ചുരുങ്ങുകയായിരുന്നു. ഫലം പുറത്തുവന്നയുടന്‍ എര്‍ദുഗാന്‍, പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിമിനെയും സഖ്യകക്ഷി നേതാക്കളെയും ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. അതേസമയം,വോട്ടെണ്ണലില്‍ തിരിമറി ആരോപിച്ച് മുഖ്യപ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്ള്‍സ് പാര്‍ട്ടി (സി.എച്ച്.പി) രംഗത്തെത്തിയിട്ടുണ്ട്.
ഫലം അനുകൂലമാകുന്നതോടെ, രാജ്യത്ത് 2019 മുതല്‍ പ്രധാനമന്ത്രി പദവി ഇല്ലാതാകും. വൈസ് പ്രസിഡന്റായിരിക്കും ആ സ്ഥാനം. പ്രസിഡന്റിനാവും പരിപൂര്‍ണ ഭരണചുമതല. അധികാരം വിപുലീകരിക്കുന്നതോടെ പുതിയ നിയമപ്രകാരം 2029 വരെ ഉര്‍ദുഗാന് പ്രസിഡന്റായി തുടരാനാകും. അതേസമയം, രാജ്യത്തെ പ്രധാന നഗരങ്ങളായ അങ്കാറ, ഇസ്തംബൂള്‍, ഇസ്മിര്‍ എന്നിവിടങ്ങളില്‍ ‘നോ’ വോട്ടിന് ഭൂരിപക്ഷം ലഭിച്ചത് ഭരണകക്ഷികള്‍ക്ക് തിരിച്ചടിയായി.
ജനഹിതം ഉര്‍ദുഗാന് അനുകൂലമാവുമെന്നു തന്നെയായിരുന്നു ഭൂരിപക്ഷം സര്‍വേകളും അഭിപ്രായപ്പെട്ടിരുന്നത്. ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്കൊപ്പം നാഷനലിസ്റ്റ് ആക്ഷന്‍ പാര്‍ട്ടിയും പ്രസിഡന്‍ഷ്യല്‍ ഭരണത്തെ അനുകൂലിക്കുന്നു. സി.എച്ച്.പിയും കുര്‍ദിഷ് അനുകൂല പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമാണ് ഹിതപരിശോധനയെ എതിര്‍ത്തിരുന്നത്.
ഏകദേശം 5.5 കോടി ജനങ്ങളാണ് വോെട്ടടുപ്പില്‍ പെങ്കടുത്തത്. വ്യത്യസ്ത നിറങ്ങളിലായാണ് ബാലറ്റ് പേപ്പര്‍ സജ്ജീകരിച്ചിരിക്കുന്നത്. വെള്ള നിറമുള്ള വശത്ത് ഇവിത് (യെസ്) എന്നും തവിട്ട് നിറമുള്ള ഭാഗത്ത് ഹയിര്‍ (നോ) എന്നുമാണുള്ളത്. വോട്ടര്‍മാര്‍ക്ക് അവയിലേതെങ്കിലുമൊന്നില്‍ സീല്‍ പതിക്കാം. വോട്ടെടുപ്പിനിടെ തെക്കുകിഴക്കന്‍ മേഖലകളിലെ ചില സ്ഥലങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല