സ്വന്തം ലേഖകൻ: തുർക്കി – സിറിയ അതിർത്തിയിൽ ഉണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34,000 കടന്നു. ഇതോടെ, നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ഭൂകമ്പ ദുരന്തമായി തുർക്കിയിലേത് മാറി. അതേസമയം, ആശങ്ക ഉയർത്തിക്കൊണ്ട് ഞായറാഴ്ച വീണ്ടും പ്രദേശത്ത് ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 4.7 തീവ്രത റിപ്പോർട്ട ചെയ്ത ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
തുർക്കിയിൽ നിന്നും 24 കിലോമീറ്റർ മാറി കഹ്‌റാമൻമാരാസിൽ ഇന്ന് പുലർച്ചെ 12.03ന് 15.7 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. പുലർച്ചെയുണ്ടായ ഭൂചലനവും ദുരന്തത്തിന്റെ ആക്കം കൂട്ടി. അതിന് ശേഷം തീവ്രതയോട് കൂടിയതും അല്ലാത്തതുമായ നിരവധി ഭൂചലനങ്ങൾ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്.
അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ജീവൻ അവശേഷിക്കുന്ന മൃതപ്രായരും ഉണ്ടാകാമെന്നാണ് കരുതുന്നത്. റ്റവും വിനാശകരമായ ഭൂകമ്പങ്ങളിൽ ഒന്നിന് ഒരാഴ്ചയ്ക്ക് ശേഷവും ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് ആശങ്ക ഉയർത്തിക്കൊണ്ട് ഭൂചലനങ്ങളുണ്ടായത്.
ഏറ്റവും പുതിയ കണക്കുകൾ കൂടി പുറത്തുവന്നതോടെ 1939ലെ എർസിങ്കർ ഭൂകമ്പത്തേക്കാൾ ഭീകരമായ ദുരന്തമായി ഇത് മാറി. അന്നുണ്ടായ ഭൂചലനത്തിൽ 33,000 പേരായിരുന്നു മരിച്ചത്. ദുരന്തബാധിത പ്രദേശത്ത് ഇന്ത്യയുടെ ദുരന്തനിവാരണ സംഘവും മെഡിക്കൽ സംഘവും പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. രക്ഷാപ്രവർത്തനത്തിന് വേണ്ടി ഇന്ത്യയിൽ നിന്നും ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘവും രംഗത്തുണ്ട്.
ദുരന്തമുഖത്തെ രക്ഷാപ്രവർത്തനത്തിനായി ഓപ്പറേഷൻ ദോസ്ത് എന്ന പേരിലാണ് ഇന്ത്യ ദൗത്യസംഘത്തെ തുർക്കിയിലേക്കയച്ചത്. എൻഡിആർഎഫിന്റെ മൂന്നു സംഘങ്ങൾ അടക്കം 250 രക്ഷാപ്രവർത്തകരും 135 ടൺ വസ്തുക്കളുമാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളിൽ ഇരു രാജ്യങ്ങളിലുമായി എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല