സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് എതിരെയുള്ള പോരാട്ടം തുര്‍ക്കി ഇറാഖിലേക്ക് വ്യാപിപ്പിക്കുന്നു. സിറിയയില്‍ വ്യോമാക്രമണം നടത്തിയതിനു പുറനെയാണ് തുര്‍ക്കി ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്, കുര്‍ദ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) എന്നിവയുടെ അണികളെ ലക്ഷ്യമിട്ട് വടക്കന്‍ ഇറാഖിലെ നിരവധി കേന്ദ്രങ്ങളായിരുന്നു തുര്‍ക്കി യുദ്ധ വിമാനങ്ങള്‍ ഉന്നം വച്ചത്.
വെയര്‍ഹൗസുകള്‍, താമസ സ്ഥലങ്ങള്‍, തന്ത്രപ്രധാന കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി സര്‍ക്കാറുമായി നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചതായി സ്വതന്ത്ര രാജ്യത്തിനു വേണ്ടി രംഗത്തുള്ള പി.കെ.കെ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാവിലെ സിറിയയിലെ ഐ.എസ്, പി.കെ.കെ കേന്ദ്രങ്ങളിലാണ് ആദ്യമായി തുര്‍ക്കി ബോംബുകള്‍ വര്‍ഷിച്ചുതുടങ്ങിയത്. രാജ്യത്തെ വ്യോമ താവളം അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനക്കു വിട്ടുനല്‍കാന്‍ അനുമതി നല്‍കിയതിനു തൊട്ടുപിറകെയായിരുന്നു ആക്രമണം. രാത്രിയോടെ തുര്‍ക്കി അതിര്‍ത്തി പങ്കിടുന്ന ഇറാഖിലെ പ്രദേശങ്ങളിലും ആക്രമണം നടത്തി.
തുര്‍ക്കിയുടെ ദക്ഷിണ മേഖലയിലെ ഇന്‍സിര്‍ലിക് ഉള്‍പ്പെടെ വ്യോമ താവളങ്ങളാണ് കഴിഞ്ഞ ദിവസം സഖ്യസേനക്ക് വിട്ടുനല്‍കാന്‍ തുര്‍ക്കി സമ്മതിച്ചത്. ഇന്‍സിര്‍ലിക് താവളം അമേരിക്ക ഏറ്റെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല