സ്വന്തം ലേഖകന്‍: ബലാത്സംഗ കേസില്‍ ഇരയെ വിവാഹം കഴിച്ചാല്‍ പ്രതിയെ വെറുതെ വിടും, തുര്‍ക്കിയിലെ പുതിയ നിയമം വിമര്‍ശിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്ന നിയമാണിതെന്ന് വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. നിര്‍ബന്ധിതമായോ ഭീഷണിപ്പെടുത്തിയോ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതിനു ശേഷം വിവാഹം കഴിച്ചാല്‍ പ്രതിക്ക് മാപ്പ് നല്‍കുന്ന ബില്ലിന് എംപിമാര്‍ അംഗീകാരം നല്‍കി.
ബലാത്സംഗവും, ബാലവിവാഹവും കൂട്ടുന്നതും പുരുഷന്മാരെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതുമാണ് ബില്ലെന്നുമാണ് വിമര്‍ശനം. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടിയിരിക്കെയാണ് ബലാത്സംഗത്തിന് നിയമപരിരക്ഷ കൂടി നല്‍കാന്‍ ആലോചിക്കുന്നത്. തുര്‍ക്കിയില്‍ 40 ശതമാനം സ്ത്രീകളും ബലാത്സംഗത്തിനോ കയ്യേറ്റത്തിനോ ഇരയാകുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 2003 നും 2010 നും ഇടയില്‍ സ്ത്രീകള്‍ക്കെതിരേയുള്ള കൊലപാതക നിരക്കും കുത്തനെ ഉയര്‍ന്നു.
വ്യാഴാഴ്ച ബില്ലിന് തയ്യിപ്പ് എര്‍ഡോഗന്റെ പാര്‍ട്ടി എംപിമാര്‍ പ്രാഥമികാംഗീകാരം നല്‍കി. ഇത് ചൊവ്വാഴ്ച രണ്ടാം വട്ട ചര്‍ച്ചയ്ക്ക് ശേഷം ബുധനാഴ്ച വോട്ടിനിടും. ബില്ലിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കെ ഇത് ബലാത്സംഗത്തിന് നിയമ പരിരക്ഷ നല്‍കുകയല്ല മറിച്ച് ഇരകള്‍ക്ക് പുനരധിവാസത്തിന് സഹായകരമാകുന്ന നിയമമാണെന്നാണ് സര്‍ക്കാരിന്റെ ന്യായവാദം. ഇത് 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അക്രമം കുറക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
തുര്‍ക്കിയിലെ ദരിദ്രമേഖലയില്‍ ചെറു പ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതും ലൈംഗിക ചൂഷണത്തിന് വിധേയമാകുകയും കൂടുതലാണ്. നിയമം വരുന്നതോടെ 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ 3,000 ത്തോളം കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുങ്ങും.
അതേസമയം തുര്‍ക്കിയില്‍ നിലവിലുള്ള ലൈംഗികാതിക്രമത്തിനെതിരായ നിയമത്തില്‍ മാറ്റം വരുത്തുന്നതിനുള്ള നീക്കത്തിന് പിന്തുണ തേടി ഭരണകക്ഷിയായ അക് പാര്‍ട്ടി പ്രതിപക്ഷവുമായി ചര്‍ച്ച നടത്തും. വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പിന്തുണതേടിയാണ് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുന്നുത്.
എന്നാല്‍, ശക്തിയും ബലവും ഉപയോഗിച്ചുള്ള ലൈംഗികാതിക്രമങ്ങളല്ല, പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സംഭവങ്ങളിലാണ് ഇത് ബാധകമാകൂ എന്നാണ് ഭരണപക്ഷത്തിന്റെ ന്യായീകരണം. ഈ വര്‍ഷം നവംബര്‍ 16നു മുമ്പുണ്ടായ സംഭവങ്ങളില്‍ മാത്രമാണ് നിയമം ബാധകമാകുക. തുര്‍ക്കിയില്‍ നിലവിലുള്ള നിയമപ്രകാരം 15 വയസ്സുവരെയുള്ള കുട്ടികള്‍ ഗര്‍ഭിണിയായാല്‍ ഉത്തരവാദിയായ ആള്‍ ആരായാലും അയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല