സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്താന്‍ തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചു, അതിര്‍ത്തിയില്‍ കനത്ത ആക്രമണം. അതിര്‍ത്തി പ്രദേശമായ ജറാബുലുസിലിനെ ഐഎസിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിനായാണ് തുര്‍ക്കി സൈനിക ടാങ്കുകള്‍ അതിര്‍ത്തി കടന്നത്. തുര്‍ക്കിയുടെയും അമേരിക്കയുടെയും നേതൃത്വത്തില്‍ ഇവിടെ വ്യോമാക്രമണം നടത്തിവരുന്നുണ്ട്.
കരമാര്‍ഗവും ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തുര്‍ക്കി ടാങ്കുകള്‍ സിറിയയില്‍ പ്രവേശിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് അതിര്‍ത്തി കടന്ന് ജറാബുലുസ് പട്ടണത്തിലേക്ക് സൈന്യം പ്രവേശിച്ചതെന്ന് തുര്‍ക്കി സര്‍ക്കാര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കന്‍ സിറിയയില്‍ തമ്പടിച്ചിരിക്കുന്ന ഐ.എസ് തീവ്രവാദികളെയും കുര്‍ദിഷ് പോരാളികളെയും തുരത്തുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഇത്തരക്കാര്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിരന്തരം ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് ആക്രമണമെന്നാണ് തുര്‍ക്കി അധികൃതരുടെ വിശദീകരണം.
തുര്‍ക്കിയിലെ ഗാസിയാന്‍താബില്‍ വിവാഹ ചടങ്ങിനിടെ ഐ.എസ് നടത്തിയ ആക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം ഇല്ലാതാക്കുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല