സ്വന്തം ലേഖകന്‍: സിറിയയില്‍ കുര്‍ദ് വിമതര്‍ക്കെതിരെ തുര്‍ക്കി സേനയ്ക്ക് നിര്‍ണായക മുന്നേറ്റം; മേഖലയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിച്ചു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ആഫ്രീനില്‍ കുര്‍ദ് വിമതര്‍ക്കെതിരെ ആക്രമണം നടത്തുന്ന തുര്‍ക്കി സേന സിറിയയിലെ വിമത സേനയുടെ സഹായത്തോടെ 11 കുര്‍ദ് കേന്ദ്രങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, ഏറ്റുമുട്ടലില്‍ ഒരു തുര്‍ക്കി സൈനികന്‍ കൊല്ലപ്പെട്ടു. ഏറ്റമുട്ടലിനിടെ 24 സിറിയന്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
യു.കെയില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവരില്‍ 22 പേര്‍ തുര്‍ക്കി സേനയുടെ ആക്രമണത്തിലും രണ്ടുപേര്‍ കുര്‍ദ് തിരിച്ചടിയിലുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍, സിവിലിയന്മാര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജപ്രചാരണമാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി പറഞ്ഞു. സിറിയയിലെ കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സായുധ വിഭാഗമായ വൈ.പി.ജിയെ നേരിടാനാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ തുര്‍ക്കി ആക്രമണം തുടങ്ങിയത്.
ഇവരെ തീവ്രവാദികളായാണ് അങ്കാറ ഭരണകൂടം വിലയിരുത്തുന്നത്. തുര്‍ക്കിയില്‍ ആഭ്യന്തര സംഘര്‍ഷമുണ്ടാക്കുന്ന രാജ്യത്തെ കുര്‍ദ് വിമതരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും തുര്‍ക്കി ആരോപിക്കുന്നു. തുര്‍ക്കിസിറിയ അതിര്‍ത്തിയില്‍ കുര്‍ദ് സഖ്യമുണ്ടാകുന്നതിനെ തടയലാണ് ആക്രമണത്തിന്റെ ഉദ്ദേശ്യം. ആഫ്രീനില്‍ 30 കിലോമീറ്റര്‍ സുരക്ഷിത മേഖലയുണ്ടാക്കലാണ് ആക്രമണ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ആക്രമണത്തെ എതിര്‍ത്ത് സിറിയയിലെ ബശ്ശാര്‍ അല്‍അസദ് ഭരണകൂടവും റഷ്യയും രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ യു.എസും തുര്‍ക്കിയുടെ നീക്കത്തില്‍ അസംതൃപ്തി അറിയിച്ചിരുന്നു. സിറിയയിലെ യു.എസ് സഖ്യകക്ഷിയാണ് കുര്‍ദ് വിമതര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല