സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കടുവയെ പിടിച്ച കിടുവ, ഫുട്‌ബോള്‍ താരം മത്സരത്തിനിടെ റഫറിക്ക് ചുവപ്പു കാര്‍ഡ് കാണിച്ചു. തുര്‍ക്കി സൂപ്പര്‍ ലീഗിലാണ് മൈതാനത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ തന്റെ ചുവപ്പുകാര്‍ഡ് തട്ടിയെടുത്ത് തന്നെത്തന്നെ കാണിച്ച താരത്തെ റഫറി ഒടുവില്‍ പുറത്താക്കി.
ട്രാബ്‌സോന്‍സ്‌പോറും ഗലാറ്റസാരെയും തമ്മില്‍ നടന്ന തുര്‍ക്കി സൂപ്പര്‍ ലീഗ് മത്സരത്തിലായിരുന്നു സംഭവം. തുര്‍ക്കി ലീഗിലെ സ്ഥിരം ശത്രുക്കളായ ഇരു ടീമുകളും തമ്മില്‍ കയ്യാങ്കളി തുടങ്ങിയപ്പോഴാണ് റഫറി ഇടപെട്ടത്.
ട്രാബ്‌സോന്‍സ്‌പോറിന്റെ സാലിഹ് ഡര്‍സന്‍ ആണ് റഫറിയെ ചുവപ്പുകാര്‍ഡ് കാണിച്ചത്. കളി തുടങ്ങി മിനിറ്റുകള്‍ക്കകം ട്രാബ്‌സോന്‍സ്‌പോറും ഗലാറ്റസാരെയും കൊമ്പുകോര്‍ത്തു തുടങ്ങിയിരുന്നു. ഇതോടെ ട്രാബ്‌സോന്‍സ്‌പോറിന്റെ മൂന്ന് താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി.
86 മത്തെ മിനിറ്റിലാണ് ട്രാബ്‌സോന്‍സ്‌പോറിന്റെ ലൂയിസ് കവാന്‍ഡെ പുറത്താകുന്നത്. പെനാല്‍റ്റി ബോക്‌സിലെ ഫൗളാണ് നടപടിക്ക് വഴിവെച്ചത്. കവാന്‍ഡെ ചുവപ്പുകാര്‍ഡ് കണ്ടതോടെ ട്രാബ്‌സോന്‍സ്‌പോര്‍ താരങ്ങള്‍ റഫറിക്കെതിരെ തട്ടിക്കേറി. ഇതിനിടെ സാലിഹ് ഡര്‍സന്‍ റഫറിയുടെ പോക്കറ്റില്‍നിന്ന് ചുവപ്പുകാര്‍ഡ് തട്ടിയെടുത്ത് റഫറിയെത്തന്നെ കാണിക്കുകയും പുറത്തേയ്ക്ക് വഴി കാണിച്ചുകൊടുക്കുകയും ചെയ്തു.
ഇതോടെ പ്രകോപിതനായ റഫറി കാര്‍ഡ് തിരിച്ചുവാങ്ങുകയും സാലിഹ് ഡര്‍സനെ ചുവപ്പു കാര്‍ഡ് കാണിക്കുകയും ചെയ്യുകയുമായിരുന്നു. കൂടുതല്‍ അച്ചടക്ക നടപടികള്‍ സാലിഹിനെ കാത്തിരിക്കുന്നു എന്നാണ് സൂപ്പര്‍ ലീഗ് അധികൃതര്‍ നല്‍കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല