ഏതെടുത്താലും 99 പെന്‍സ് എന്ന ആശയം അറുപത് മില്യണായി രൂപാന്തരം മാറിയ കഥ ഒരു വലിയ കഥ തന്നെയാണ്. നമ്മുടെ നാട്ടിലെ ഉത്സവപറമ്പുകളിലും പള്ളിപ്പെരുന്നാളുകളിലും കണ്ടിട്ടുള്ള കടകളുണ്ടല്ലോ? ഏതെടുത്താലും പത്ത് രൂപ, പതിനഞ്ച് രൂപ, ഇരുപത്തിയഞ്ച് രൂപ എന്നിങ്ങനെയുള്ള കടകള്‍. ബ്രിട്ടണില്‍ അത്തരത്തിലുള്ള കടകളുടെ ശ്രൃംഖല നടത്തിയിരുന്ന ഒരാളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ഏതെടുത്താലും 99 പെന്‍സ് എന്ന കട 2001ലാണ് പാകിസ്താന് വംശജനായ നദീര്‍ ലലാനി തുടങ്ങിയത്. ഹോളോവേയില്‍ തുടങ്ങിയ ഈ കടയ്ക്ക് നല്ല പ്രതികരണം ലഭിച്ചതോടെയാണ് കാര്യങ്ങള്‍ കുറച്ചുകൂടി വിപുലീകരിക്കാന്‍ ലലാനി തീരുമാനിച്ചത്. അതൊരു വിപ്ലവകരമായ തീരുമാനമായിരുന്നു. ഇപ്പോള്‍ ലലാനി കുടുംബത്തിന് 150തിലേറെ കടകളാണുള്ളത്. ഇതില്‍നിന്നെല്ലാമായി കഴിഞ്ഞ വര്‍ഷം കിട്ടിയ ലാഭം അറുപത് മില്യണ്‍ പൗണ്ടാണ്. ഇപ്പോള്‍ മനസിലായല്ലോ എങ്ങനെയാണ് 99 പെന്‍സ് അറുപത് മില്യണായി മാറുന്നതെന്ന്.
പാനാസോണിക് ബാറ്ററിമുതല് നാല് കുപ്പിള്‍ ആപ്പിള്‍ ടാംഗോ വരെ തൊണ്ണൂറ്റിയൊന്‍പത് പെന്സിനാണ് ലഭിക്കുന്നത്. സാമ്പത്തികമാന്ദ്യം ഉണ്ടായിട്ടും വന്ലാഭമുണ്ടാക്കിയ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ലലാനിയുടെ 99 പെന്‍സ് കടകളും ഉള്‍പ്പെട്ടിരുന്നു. സാമ്പത്തികമാന്ദ്യമാണ് ലലാനിയുടെ കടകളെ പുഷ്ടിപ്പെടുത്തിയെന്നും പറയാവുന്നതാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 80 മില്യണ്‍ പൗണ്ട് ലാഭമുണ്ടാകും എന്നായിരുന്നു കരുതിയിരുന്നത്. അത്രയൊന്നും ലഭിച്ചില്ലെങ്കില്‍ ഒട്ടും കുറയാത്ത സംഖ്യതന്നെയാണ് ലഭിച്ചത്. ഓരോവര്‍ഷവും നിശ്ചിത ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയാണ് 99 പെന്‍സ് സ്ഥാപനങ്ങള്‍ ഇത്രയും പൗണ്ട് ലാഭമുണ്ടാക്കിയത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കടകള്‍ വിപുലീകരിക്കാനാണ് ലലാനി ശ്രമിക്കുന്നത്. ബ്രിട്ടണിലെങ്ങും 600 ഓളം ശാഖകള്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല