സ്വന്തം ലേഖകൻ: കടല്‍ കയറുന്നതിനെ തുടര്‍ന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രം ടുവാലുവിലെ ജനങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഓസ്ട്രേലിയ. ടുവാലുവിലെ ജനങ്ങളെ അഭയാര്‍ത്ഥികളായി സ്വീകരിക്കുന്നതിന് വേണ്ടിയുള്ള കരാറില്‍ ഓസ്ട്രേലിയ ഒപ്പിട്ടു. കാലവാവസ്ഥ വ്യതിയാനത്തിന്റെ ഞെട്ടിക്കുന്ന വശമാണ്, ടുവാലു ദ്വീപിലെ ദുരവസ്ഥയിലൂടെ പുറത്തുവവരുന്നത്. 11,200 മാത്രം ജനസംഖ്യയുള്ള ഈ കുഞ്ഞന്‍ ദ്വീപ്, കഴിഞ്ഞ വര്‍ഷങ്ങളായി കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.
ഈ കരാര്‍ ഒരു നാഴികക്കല്ലാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പ്രതികരിച്ചു. ഓസ്ട്രേലിയയുടെ നടപടി പ്രതീക്ഷയുടെ വെളിച്ചമാണെന്ന് ടുവാലു പ്രധാനമന്ത്രി കാസിയ നടാനോ പറഞ്ഞു. പ്രാദേശിക സ്ഥിരത ഉറപ്പുവരുത്താനുള്ള സംയുക്ത ദൗത്യത്തിന്റെ വലിയ കുതിച്ചു ചാട്ടമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കരാര്‍ പ്രകാരം, പ്രതിവര്‍ഷം 280ന് മുകളില്‍ ആളുകള്‍ക്ക് ഓസ്ട്രേലിയ വീസ അനുവദിക്കും. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആദ്യമായാണ് ഓസ്ട്രേലിയ അഭയം നല്‍കുന്നത്.
കാലാവസ്ഥ വ്യതിയാനത്തില്‍ സഹായം നല്‍കുന്നതിന് പുറമേ, ടുവാലുവിന് സൈനിക സഹായം നല്‍കുന്നതും കരാറിലെ പ്രധാന ഘടകമാണ്. ഓസ്ട്രേലിയയുടെ സമ്മതമില്ലാതെ മറ്റു രാജ്യങ്ങളുമായി തങ്ങള്‍ പ്രതിരോധ കരാറുകളില്‍ എത്തില്ലെന്ന് ടുവാലു സമ്മതിച്ചു. നേരത്തെ, ന്യൂസിലാന്‍ഡും അമേരിക്കയും ചില പസഫിക് രാഷ്ട്രങ്ങളുമായി ഇത്തരത്തിലുള്ള കരാറുകളില്‍ എത്തിയിരുന്നു.
2021ല്‍ മുട്ടോളം വെള്ളത്തില്‍ നിന്നുകൊണ്ട് ടുവാലു വിദേശകാര്യ മന്ത്രി സൈമണ്‍ കൊഫേ ലോക കാലാവസ്ഥ ഉച്ചകോടിയെ അഭിസംബോധന ചെയ്തത് ചര്‍ച്ചയായിരുന്നു. ആഗോളതാപനത്തിന്റെ പരിണിതഫലമായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ടുവാലുവിനെ കടലെടുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമാണ് ടുവാലു. വെറും 26 ചതുരശ്രകിലോമീറ്റര്‍ മാത്രമാണ് ആകെ വിസ്തീര്‍ണം. തെക്കന്‍ പസഫിക് സമുദ്രത്തില്‍ ഓസ്‌ട്രേലിയയ്ക്കും ഹവായ്ക്കും ഇടയിലാണ് എട്ട് കുഞ്ഞന്‍ ദ്വീപുകളുടെ കൂട്ടമായ ടുവാലു സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് കോളനിയായിരുന്ന ടുവാലു 1978ലാണ് സ്വതന്ത്രമായത്. എല്ലിസ് ദ്വീപുകള്‍ എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്.
തലസ്ഥാനമായ ഫുണാഫട്ടി എന്ന ദ്വീപിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വസിക്കുന്നത്. ദ്വീപ് മേഖലയായതിനാല്‍ തന്നെ മണ്ണിന്റെ അളവും കൃഷിയും താരതമ്യേനെ കുറവാണ്. മത്സ്യബന്ധനവും ടൂറിസവുമാണ് പ്രധാന വരുമാനമാര്‍ഗം. ‘.tv’ എന്ന ഡൊമെയ്ന്‍ നെയിം ആണ് ഈ രാജ്യത്തിന്റെ മറ്റൊരു പ്രധാന വരുമാന സ്രോതസ്സ്. രാജ്യത്തിന്റെ ബജറ്റിലേക്ക് ദശലക്ഷങ്ങളാണ് ടുവാലുവിന്റെ ഇന്റര്‍നെറ്റ് കണ്‍ട്രി കോഡ് ആയ ഈ ഡൊമെയിന്‍ നെയിം സംഭാവന ചെയ്യുന്നത്.
ടെലിവിഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ‘.tv’ എന്നിരിക്കെ ബ്രോഡ്കാസ്റ്റിങ് മേഖലയിലെ വമ്പന്മാര്‍ വലിയ വില കൊടുത്ത് ഈ ഡൊമെയിന്‍ വാങ്ങുന്നുണ്ട്. വെരിസൈന്‍ എന്ന കമ്പനിയാണ് ഈ ഡൊമെയിന്‍ വ്യാപാരം നിയന്ത്രിക്കുന്നത്. ഈ കമ്പനിയുടെ 20% ശതമാനം ടുവാലു സര്‍ക്കാറിന്റെ ഉടമസ്ഥതയിലാണുള്ളത്.
ആഗോളതാപനത്താല്‍ സമുദ്രനിരപ്പുയരുന്നതിന്റേയും തീരശോഷണത്തിന്റേയും ഭീഷണി ഏറ്റവുമധികം നേരിടുന്ന ദ്വീപ് രാഷ്ട്രങ്ങളില്‍ ഒന്നുകൂടിയാണ് ടുവാലു. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും രാജ്യം പൂര്‍ണമായും കടലിനടിയിലാകുമെന്നാണ് പ്രവചനങ്ങള്‍.
നിലവില്‍ വേലിയേറ്റ സമയത്ത് തലസ്ഥാനമായ ഫുണാഫുട്ടിയുടെ 40 ശതമാനവും വെള്ളത്തിലാവും. ഒമ്പത് ദ്വീപുകളില്‍ രണ്ടെണ്ണം ഏതാണ്ട് വെള്ളത്തിനിടയിലായിക്കഴിഞ്ഞു. പല ദ്വീപുകളും സമുദ്രനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ വരെ മാത്രം ഉയരത്തിലാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല