സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ യുവ പത്രപ്രവര്‍ത്തകയെ ആക്രമിച്ചു കൊലപ്പെടുത്തി. സ്വകാര്യ വാര്‍ത്താചാനലായ ആനന്ദ ടിവിയിലും ജാഗ്രതോ ബംഗ്ലാ ദിനപത്രത്തിലും ലേഖികയായ സുബര്‍ണ നോദി (32) യാണ് കൊല്ലപ്പെട്ടത്. പാബ്‌ന ജില്ലയിലെ രാധാനഗറിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സുബര്‍ണയുടെ നേരെ ആക്രമണമുണ്ടായത്.
രാത്രി 10.45 ഓടെ മോട്ടോര്‍സൈക്കിളിലെത്തിയ പന്ത്രണ്ടോളം പേരാണ് ഇവരെ ആക്രമിച്ചതെന്ന് അയല്‍വാസികള്‍ അറിയിച്ചു. ബെല്ലടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന സുബര്‍ണയെ അക്രമികള്‍ വാളുകളുമായി ആക്രമിക്കുകയായിരുന്നു. സുബര്‍ണയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
പോലീസ് വിവിധ സംഘങ്ങളായി സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ സംഭവത്തില്‍ പ്രതിഷേധിക്കുകയും കൊലപാതകികളെ പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സുബര്‍ണയ്ക്ക് ഒമ്പതു വയസുള്ള മകളുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന ഇവര്‍ വിവാഹമോചനത്തിന് കാത്തിരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല