സ്വന്തം ലേഖകന്‍: കമ്യൂണിസ്റ്റ് നേതാന് ടിവി തോമസ് ദൈവ വിശ്വാസിയായിരുന്നു എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍. എന്നാല്‍ ഇതു സംബന്ധിച്ച് വാദപ്രതിവാദത്തിന് ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോള്‍ കുമ്പസാരിക്കാനും കുര്‍ബാന സ്വീകരിക്കാനും ടി.വി. തോമസ് തയാറായിരുന്നു എന്നതടക്കം അദ്ദേഹത്തെപ്പറ്റി മാര്‍ പവ്വത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ കെട്ടുകഥയാണെന്ന നിലപാടുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്തെത്തിയിരുന്നു.
സഭയുടെ മാസികയായ കുടുംബജ്യോതിയില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലാണ് മാര്‍ പൗവത്തില്‍ സി.പി.ഐ. നേതാവായിരുന്ന ടി.വി. തോമസിനെപ്പറ്റിയുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആത്മകഥയില്‍ സംഭവബഹുലമായ 1972 (3) എന്ന തലക്കെട്ടുള്ള അധ്യായത്തില്‍ പൗവത്തില്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ: ‘ടി.വി. തോമസ് രോഗബാധിതനായി തിരുവനന്തപുരത്ത് ആശുപത്രിയിലായ സമയം. അദ്ദേഹത്തെ കാണാന്‍ ഞാന്‍ ചെന്നു. മുറിക്കുള്ളിലും പുറത്തും നിറയെ പാര്‍ട്ടിക്കാര്‍. അദ്ദേഹത്തോട് സ്വകാര്യമായി സംസാരിക്കാന്‍ കുറച്ചുസമയം ലഭിച്ചു. രോഗം ഗുരുതരമായിരുന്നതിനാല്‍ കുമ്പസാരിച്ചു കുര്‍ബാന സ്വീകരിക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് അന്വേഷിച്ചു. (അദ്ദേഹത്തിന് അതില്‍ വിശ്വാസം ഉണ്ടായിരുന്നു എന്ന ധാരണയിലായിരുന്നു അന്വേഷണം). അതിന് അദ്ദേഹം പറഞ്ഞത്, അത് എനിക്കറിയാം, സമയത്ത് ഞാനതു ചെയ്തുകൊള്ളാം എന്നായിരുന്നു.’
അച്യുതമേനോന്‍ മന്ത്രിസഭയ്‌ക്കെതിരെ സ്വകാര്യ മാനേജ്‌മെന്റുകള്‍ 1972 ല്‍ നടത്തിയ കോളജ് സമരത്തില്‍ അന്നു വ്യവസായ മന്ത്രിയായിരുന്ന ടി.വി. തോമസ് കത്തോലിക്ക സഭയെ രഹസ്യമായി പിന്തുണച്ചെന്നും പവ്വത്തില്‍ ആത്മകഥയില്‍ പറയുന്നു. ഔദ്യോഗിക വാഹനത്തിലല്ലാതെ സ്വന്തം കാറില്‍ ഒരു രാത്രി ചങ്ങനാശേരി അരമനയിലെത്തിയാണ് മന്ത്രി പിന്തുണ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല