സ്വന്തം ലേഖകന്‍: ലോകകപ്പ് ട്വന്റി20, പാകിസ്താനെതിരായ ആവേശ പോരാട്ടത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റ് ജയം. നിശ്ചിത 18 ഓവറില്‍ 118 റണ്‍സെടുത്ത പാകിസ്താനെ 6 വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. മഴയെ തുടര്‍ന്ന് ഓവറുകളുടെ എണ്ണം 18 ആയി കുറച്ച മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങിനയച്ചു.
പാകിസ്താന്‍ 18 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. ഓപണര്‍മാരായ ഷര്‍ജീല്‍ ഖാന്‍ (17), അഹ്മദ് ഷെഹ്‌സാദ് (25) എന്നിവര്‍ നല്‍കിയ തുടക്കത്തില്‍, ഉമര്‍ അക്മലും (22) ശുഐബ് മാലികും (26) മോശമല്ലാത്ത സംഭാവനയും നല്‍കി.
മറുപടി ബാറ്റിങ്ങില്‍ പതറിപ്പോയ ഇന്ത്യയെ വിരാട് കോഹ്ലിയാണ് കൈ പിടിച്ചുയര്‍ത്തിയത്. 37 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സറും പറത്തിയ കോഹ്ലി 55 റണ്‍സെടുത്ത് വിജയശില്‍പിയായി. യുവരാജ് സിങ് (24), എം.എസ്. ധോണി (13 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങും നിര്‍ണായകമായി. ഓപണര്‍മാരായ രോഹിത് ശര്‍മയും (10) ശിഖര്‍ ധവാനും (6) സുരേഷ് റെയ്‌നയും (0) പുറത്തായപ്പോള്‍ മൂന്നിന് 23 റണ്‍സെന്ന നിലയില്‍ പ്രതിരോധത്തിലായിരുന്നു ഇന്ത്യ.
സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍, വീരേന്ദ്ര സേവാഗ്, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഇമ്രാന്‍ ഖാന്‍ തുടങ്ങിയ നീണ്ട താരതിരയും ആയിരക്കണക്കിന് ആരാധകര്‍ക്കൊപ്പം മത്സരത്തിന് ആവേശം പകരാന്‍ ഗ്യാലറിയിലെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല