നാണക്കേടില്‍ നിന്നും നാണക്കേടിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീം രണ്ടാം ട്വന്റി-20 ക്കായി ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേ. ഓസ്ട്രേലിയന്‍ മണ്ണില്‍ ഇതുവരെ ഒരു ജയം പോലും നേടാനാവാത്ത ഇന്ത്യയുടെ ലക്ഷ്യം ഇന്നു ജയിച്ച് ട്വന്റി-20 പരമ്പരയെങ്കിലും സമനിലയിലാക്കുക എന്നതുതന്നെ.
പേസ് ബൗളിംഗിനു കാര്യമായ പിന്തുണയില്ലാത്ത ഗ്രൗണ്ടാണ് മെല്‍ബണിലേത്. നാട്ടുകാരനും ഓസീസ് താരവുമായ ഡേവിഡ് ഹസിയുടെ നിരീക്ഷണത്തില്‍ ബാറ്റിംഗിനു യോജിച്ച വിക്കറ്റാണിത്. മെല്‍ബണില്‍ ഇന്നു പ്രസന്നമായ കാലാവസ്‌ഥയാണെന്നാണു റിപ്പോര്‍ട്ട്. താപനില 27 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം.
ഇന്നും തോറ്റാല്‍ട്വന്റി20യില്‍ ഇന്ത്യ നേരിടുന്ന തുടര്‍ച്ചയായ നാലാമത്തെ പരാജയമാകും. എം.എസ്. ധോണിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയുടെ യുവനിര സിഡ്‌നിയില്‍ ഫീല്‍ഡിംഗില്‍ തരക്കേടില്ലാതെ പിടിച്ചു നിന്നപ്പോള്‍ ബാറ്റിംഗില്‍ വമ്പന്‍ പരാജയമായി.
ബൗളിംഗിലും ഇന്ത്യ പിന്നിലായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യു വാഡെയും ഡേവിഡ് വാര്‍ണറും ബൗളര്‍മാരെ കശാപ്പു ചെയ്‌തു. വ്യാഴാഴ്‌ച രാവിലെ മെല്‍ബണിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ വൈകിട്ടോടെയാണു ഗ്രൗണ്ടിലെത്തിയത്. ഓസീസ് പിച്ചുകളില്‍ കളിച്ചു പരിചയമുള്ള ബൗളിംഗ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനെ കളിപ്പിക്കണമെന്ന ആവശ്യം ശക്‌തമായിരിക്കുകയാണ്. പക്ഷേ രണ്ടു സ്‌പിന്നര്‍മാരെ വച്ചു പരീക്ഷണത്തിനാണ് ടീം ഒരുങ്ങുന്നതെന്നാണു സൂചന. സിഡ്‌നിയില്‍ ഗോള്‍ഡന്‍ ഡക്കായ രോഹിത് ശര്‍മ ഇന്നും കളിക്കുമെന്നാണു കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല