സ്വന്തം ലേഖകൻ: 2020 ലെ യുഎസ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ട്വിറ്റര്‍. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഇന്‍റര്‍നെറ്റ് വഴി നല്‍കുന്ന പരസ്യങ്ങള്‍ വളരെയധികം പ്രയോജനകരമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ദശലക്ഷങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും ജാക് ഡോര്‍സെ ട്വീറ്റ് ചെയ്തു. പുതിയ നിയമത്തെക്കുറിച്ച് നവംബര്‍ പകുതിയോടെ ലോകവ്യാപകമായി അറിയിപ്പുണ്ടാകും. നവംബര്‍ അവസാനത്തോടെ ഇത് നിലവില്‍ വരും. ട്വിറ്ററിന്‍റെ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
രാഷ്ട്രീയ പരസ്യങ്ങള്‍ നിരോധിക്കില്ലെന്ന് ഫേസ്ബുക്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പ്രഖ്യാപനം. കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പില്‍ സമൂഹമാദ്ധ്യമങ്ങള്‍ സ്വാധീനം ചെലുത്തിയെന്നും റഷ്യയുടെ ഇടപെടലുണ്ടായെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് 2020 യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹ മാദ്ധ്യമങ്ങള്‍ക്ക് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല