സ്വന്തം ലേഖകൻ: ട്വിറ്റര്‍ ഉടമസ്ഥാവകാശം ലഭിച്ചതിന് ശേഷം ഇലോണ്‍ മസ്കിന്റെ നടപടികള്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും വലിയ തിരിച്ചടി നല്കുന്ന തരത്തിലാണ് പുതിയ തീരുമാനങ്ങളെല്ലാം വരുന്നത്. ഇപ്പോഴിതാ ട്വിറ്ററിലെ ബ്ലൂ ടിക്കിനായി കാശ് നല്‍കണം എന്ന വ്യവസ്ഥ മസ്ക് കൊണ്ടുവന്നിരിക്കുകയാണ്.
ട്വിറ്റര്‍ ഔദ്യോഗികമായ വെരിഫൈ ചെയ്യുന്ന അക്കൗണ്ടുകള്‍ക്കാണ് ബ്ലൂ ടിക്ക് നല്കി വരുന്നത്. ഇപ്പോഴിതാ വെരിഫൈഡ് പ്രൊഫൈലുകളില്‍ നിന്ന് പണം ഈടാക്കാനുള്ള പദ്ധതി ട്വിറ്റര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കകയാണ്. ബ്ലൂ ടിക്ക് നല്‍കുന്നതിനായി പ്രതിമാസം 8 ഡോളര്‍ ഈടാക്കാനാണ് ട്വിറ്ററിന്റെ പുതിയ തീരുമാനം.
അതായത് പ്രതിമാസം 660 രൂപയായാണ് ബ്ലൂ ടിക്കിനായി ഉപയോക്താക്കള്‍ ചെലവാക്കേണ്ടത്. സാമ്പത്തിക ശേഷിക്ക് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ ബ്ലൂ ടിക്കറ്റിന്റെ തുക ക്രമീകരിക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ട്വിറ്റര്‍ ബ്ലൂ സേവനങ്ങള്‍ക്ക് പണമടച്ചവര്‍ക്ക് ട്വിറ്റര്‍ സേര്‍ച്ചില്‍ പ്രാമുഖ്യം ലഭിക്കും എന്നും ഇലോണ്‍ മസ്ക് പറഞ്ഞു.
കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനും അനുമതിയുണ്ടാകും. പുതിയ തീരുമാനം വഴി വ്യാജ അക്കൗണ്ടുകളെയും സ്പാം സന്ദേശങ്ങളെയും നിയന്ത്രിക്കാന്ഡ സാധിക്കും എന്നാണ് മസ്ക് അഭിപ്രായപ്പെടുന്നത്. കൂടാതെ ട്വിറ്ററിലെ സജീവ അക്കൗണ്ടുകള്‍ക്ക് യൂട്യൂബ് മാതൃകയില്‍ പണം പ്രതിഫലം നല്‍കാനും പദ്ധതിയുണ്ട്.
ബ്ലൂ ടിക്ക് വെരിഫിക്കേഷനായി മസ്ക് പ്രതിമാസം 20 ഡോളര്‍ ഈടാക്കും എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നിലവില്‍, ബ്ലൂ ടിക്കിന് നിരക്കുകളൊന്നുമില്ല. എല്ലാ ഉപയോക്താക്കള്‍ക്കും കൂടുതല്‍ ഡോക്യുമെന്റുകള്‍ക്കൊപ്പം ട്വിറ്റര്‍ നല്കുന്ന ഒരു കണ്ഫര്മേഷന് ഫോം പൂരിപ്പിച്ച് ട്വിറ്റര്‍ പരിശോധിച്ച് ഉറപ്പിച്ചാല്‍ ബ്ലൂ ടിക്ക് ലഭിക്കും.
അതേസമയം ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ചില പ്രഖ്യാപനങ്ങള്‍ മസ്ക് നടത്തിയിട്ടുണ്ട്. ചില ട്വിറ്റര്‍ എഞ്ചിനീയര്‍മാരോട് ദിവസത്തില്‍ 12 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് സി എന്‍ ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇലോണ്‍ മസ്കിന്റെ പരിഷ്കാരങ്ങള്‍ പലിക്കാന്‍ അധിക മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുമെന്ന് ട്വിറ്ററിലെ മാനേജര്‍മാര്‍ ജീവനക്കാരോട് പറഞ്ഞു.
എന്നാല്‍ ഓവര്‍ടൈം വേതനത്തെക്കുറിച്ചോ ജോലിയുടെ സുരക്ഷയെക്കുറിച്ചോ ഒരു ചര്‍ച്ചയും കൂടാതെ ആണ് ജീവനക്കാരോട് അധിക മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടത് എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള സി എന്‍ ബി സി റിപ്പോര്‍ട്ടില്‍ ഉള്ളത്. ജീവനക്കാര്‍ക്ക് നവംബര്‍ ആദ്യവാരം സമയപരിധി നല്‍കിയിട്ടുണ്ടെന്നും പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ജോലി നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്ലാറ്റ്ഫോമിന് കൂടുതല്‍ വരുമാനം ആവശ്യമാണെന്നും വരുമാനമുണ്ടാക്കാന്‍ പരസ്യദാതാക്കളെ മാത്രം ആശ്രയിക്കാനാകില്ല എന്നുമാണ് ഇലോണ്‍ മസ്ക് പറയുന്നത്. ഏറെ മാസത്തെ തര്ക്കവിതര്ക്കങ്ങള്ക്കൊടുവിലാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ വാങ്ങാം എന്ന് സമ്മതിച്ചത്. ട്വിറ്റര്‍ ഏറ്റെടുത്തിന് പിന്നാലെ സി ഇ ഒ സ്ഥാനത്ത് പരാഗ് അഗര്‍വാള്‍ ഉള്‍പ്പടെ ഉള്ളവരെ മസ്ക് പുറത്താക്കിയിരുന്നു.
അതേസമംയ ബ്ലൂ ടിക്കിന് പണം ഈടാക്കുന്നതില്‍ ഇതിനോടകം എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. തീരുമാനം യുക്തിപരമല്ല എന്ന തരത്തിലാണ് ഇലോണ്‍ മസ്കിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് ടെസ്ല സി ഇ ഒ കൂടിയായ ഇലോണ്‍ മസ്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല