സ്വന്തം ലേഖകന്‍: സിറിയന്‍ സൈന്യത്തിന്റെ ക്രൂരകൃത്യങ്ങള്‍ ലോകത്തെ അറിയിച്ച ട്വിറ്റര്‍ ഗേളിന് ഇനി തുര്‍ക്കി പൗരത്വം. കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ ഗേളായി പേരെടുത്ത ഏഴു വയസുകാരി ബനാ അലാബിദിനും കുടുംബത്തിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് പൗരത്വ രേഖ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിറിയന്‍ സൈന്യത്തിന്റെ ഉപരോധത്തിലായിരുന്ന വിമത നിയന്ത്രണ മേഖലയായ അലപ്പോയില്‍ നിന്ന് ബനയെയും കുടുംബത്തെയും രക്ഷാ പ്രവര്‍ത്തകര്‍ തുര്‍ക്കില്‍ എത്തിച്ചത്. യുദ്ധം തകര്‍ത്തെറിഞ്ഞ അലപ്പോയിലെ സംഭവ വികാസങ്ങള്‍ ഒരോ ദിവസവും ബന ട്വിറ്ററിലൂടെ വിവരിച്ചിരുന്നു.
ആയിരക്കണക്കിന് ഫോളോവേഴ്‌സ് ആണ് ട്വിറ്ററില്‍ ബനാ സമ്പാദിച്ചത്. പ്രതിദിനമുള്ള ബനായുടെ ട്വീറ്റുകള്‍ സിറിയന്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചിരുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദുതന്നെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തീവ്രവാദികള്‍ക്കു വേണ്ടി ബനാ പ്രചാരണം നടത്തുകയാണെന്നായിരുന്നു ആരോപണം.
തകര്‍ന്നടിഞ്ഞ തെരുവുകളുടെ ചിത്രങ്ങള്‍ ബനായുടെ ട്വീറ്റിലൂടെ ലോകം കണ്ടു. ട്വീറ്റുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ അവളുടെ ജീവനെക്കുറിച്ചുള്ള ഭയാശങ്കകള്‍ വളര്‍ന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന മാതാവ് ഫാത്തിമയുടെ സഹായത്തോടെയാണ് ബനാ സെപ്റ്റംബറില്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്.
വ്യോമാക്രമണം അവസാനിപ്പിക്കാന്‍ അന്തര്‍ദേശീയ സമൂഹം ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ബനായുടെയും അവളുടെ രണ്ട് ഇളയ സഹോദരങ്ങളുടെയും ചിത്രങ്ങള്‍ ഫാത്തിമ പോസ്റ്റ് ചെയ്തതും വൈറലായി. തന്റെ ജീവിതം വിവരിക്കുന്ന ഒരു ബുക്കും ഇതിനകം ഏഴ് വയസുകാരി എഴുതിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല