![](https://www.nrimalayalee.com/wp-content/uploads/2021/12/Twitter-Indian-CEO.jpg)
സ്വന്തം ലേഖകൻ: ഗൂഗിളിനും മൈക്രോസോഫ്റ്റിനും അഡോബിനും പിന്നാലെയിതാ ട്വിറ്ററും ഇനി ഇന്ത്യാക്കാരന്റെ നിയന്ത്രണത്തിലേയ്‌ക്ക്. ലോക നേതാക്കളടക്കം പൊതുസമൂഹത്തോട് സംവദിക്കുന്ന പ്രധാന സമൂഹ മാദ്ധ്യമമായ ട്വിറ്ററിന്റെ തലപ്പത്തേക്ക് എത്തിച്ചേർന്നിരിക്കുകയാണ് ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ. ഇന്ന് സമൂഹ മാദ്ധ്യമങ്ങളടക്കം ചർച്ച ചെയ്യുകയാണ് പരാഗ് അഗ്രവാളിനെകുറിച്ച്.
സാൻഫ്രാൻസിസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ് പരാഗ് അഗ്രവാൾ. ട്വിറ്ററിന്റെ സ്ഥാപകനും കഴിഞ്ഞ 16 വർഷമായി മൈക്രോബ്ലോഗ്ഗിങ് പ്ലാറ്റ്‌ഫോമിന്റെ സാരഥിയുമായ ജാക്ക് ഡോർസിയുടെ പിൻഗാമിയായാണ് അഗ്രവാളിന്റെ നിയമനം…. ട്വിറ്റർ സി ഇ ഒയായി നിയമിതനായതോടെ ആഗോള കുത്തക കമ്പനികളെ നയിക്കുന്ന ഇന്ത്യൻ വംശജരുടെ എലീറ്റ് പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ മുംബൈ സ്വദേശി.
2015 ൽ ബോംബൈ ഐഐടിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ്ങ് ബിരുദം പൂർത്തിയാക്കിയ പരാഗ്, പിന്നീട് ഉന്നത പഠനത്തിനായി അമേരിക്കയിലേയ്‌ക്ക് പോയി. കാലിഫോർണിയയിലെ സ്റ്റാൻഫോഡ് സർവകലാശാലയിൽ കംപ്യൂട്ടർ സയൻസിൽ ഗവേഷണത്തിനു ചേർന്നു. ഇവിടുത്തെ പഠനകാലത്തു തന്നെ സിലിക്കൺവാലിയിലുള്ള ഐടി ഭീമന്മാർക്കൊപ്പമെല്ലാം ജോലി ചെയ്യാൻ പരാഗിന് അവസരം ലഭിച്ചു. ഇതാണ് തന്റെ ജീവിതത്തിന് വഴിത്തിരിവായതെന്ന് പരാഗ് പറയുന്നു.
മൈക്രോസോഫ്റ്റ്, യാഹൂ, എ.ടി ആൻഡ് ടി ലാബ്സ് അടക്കമുള്ള മുൻനിര ഐടി കമ്പനികളിൽ റിസർച്ച് ഇന്റേൺഷിപ്പ് ചെയ്യാനും അവസരം ലഭിച്ചു. സ്റ്റാൻഫോഡിൽനിന്ന് ഡോക്ടറേറ്റ് നേടി പുറത്തിറങ്ങിയ അഗർവാളിനെ റാഞ്ചാൻ നിരവധി കമ്പനികളാണ് കാത്തു നിന്നത്. 2011 ഒക്ടോബറിൽ ആഡ്‌സ് എഞ്ചിനീയറായി ട്വിറ്ററിൽ ചേർന്ന അദ്ദേഹം താമസിയാതെ തന്നെ കമ്പനിയുടെ സോഫ്‌റ്റ്വെയർ എഞ്ചിനീയർ എന്ന പദവിയിലേക്ക് ഉയർന്നു. ഒരു പതിറ്റാണ്ടിലേറെയായി കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന അദ്ദേഹത്തെ 2017 ഒക്ടോബറിലാണ് ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിച്ചത്. ജോലിയിലെ വൈദഗ്ദ്യം ചുരുങ്ങിയ കാലം കൊണ്ടുതന്നെ തെളിയിച്ചതിനാൽ കമ്പനിയുടെ ഏറ്റവും ഉന്നതരായ എഞ്ചിനീയർമാരുടെ ഗണത്തിലേയ്‌ക്ക് എത്തിപ്പെട്ടു. ട്വിറ്ററിന്റെ പുതിയ ഉൽപന്നങ്ങളുടെയും സങ്കേതങ്ങളുടെയുമെല്ലാം മേൽനോട്ടം വഹിച്ചിരുന്ന ‘ടാഗ്’ ഗ്രൂപ്പിലും വേഗത്തിൽ ഇടംപിടിച്ച് കമ്പനിയുടെ വളർച്ചയ്‌ക്ക് മികച്ച സംഭാവനകൾ നൽകി.
ട്വിറ്ററിന്റെ സാങ്കേതിക വശങ്ങളുടെ മേൽനോട്ടം വഹിച്ച അദ്ദേഹം, മെഷീൻ ലേണിങ് സാങ്കേതിക വിദ്യയുടെ ഉപയോഗം കമ്പനിയിലുടനീളം മുന്നോട്ട് കൊണ്ടു വരുകയും സോഫ്‌റ്റ്വെയർ വികസനത്തിന്റെ വേഗത മെച്ചപ്പെടുത്തിയെടുക്കുകയും ചെയ്തു. ട്വിറ്ററിലെ അധിക്ഷേപകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളെ ചെറുക്കുന്നതിന് വേണ്ടി അവതരിപ്പിച്ച പ്രൊജക്റ്റ് ബ്ലൂ സ്‌കൈയിൽ 2019 ഡിസംബർ മുതൽ പ്രവർത്തിച്ചു. റവന്യൂ, കൺസ്യൂമർ എഞ്ചിനീയറിങ് വിഭാഗങ്ങളിലെ പ്രവർത്തനങ്ങളിലൂടെ പരാഗ് ട്വിറ്ററിന്റെ ആദ്യത്തെ പ്രശസ്തനായ എഞ്ചിനീയറായി മാറി.
2016 ലും 2017 ലും വളരെ വേഗത്തിൽ ഉപയോക്താക്കൾ കൂടുന്നതിന് പരാഗിന്റെ സേവനം വലിയ സ്വാധീനം ചെലുത്തി എന്നാണ് കമ്പനി പറയുന്നത്. മികച്ച ട്രാക്ക് റെക്കോർഡിനുള്ള അംഗീകാരമെന്നോണമാണ് 2018 മാർച്ച് എട്ടിന് ട്വിറ്റർ സിടിഒ പദവി പരാഗിനെ ഏൽപിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി ട്വിറ്ററിന്റെ സാങ്കേതികമായ മുഴുവൻ കാര്യങ്ങളും തീരുമാനിച്ചിരുന്നത് പരാഗായിരുന്നു. മെഷീൻ ലേണിങ്, എ.ഐ അടക്കമുള്ള പുത്തൻ സാങ്കേതികവിദ്യകളും കമ്പനിയുടെ ഭാഗമാക്കിയതിൽ മുഖ്യപങ്കുവഹിച്ചു. ട്വിറ്റർ ആഡ്സ് സിസ്റ്റം അവതരിപ്പിച്ചതും പരാഗാണ്. സിടിഒ എന്ന നിലയിൽ, കമ്പനിയുടെ സാങ്കേതിക നയതന്ത്രങ്ങളുടെ ഉത്തരവാദിത്തം പരാഗിനായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല