
സ്വന്തം ലേഖകൻ: തികച്ചും അവിശ്വസനീയം! ട്വിറ്ററിൽ നടക്കുന്ന കാര്യങ്ങളെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെ. അഭിപ്രായപ്രകടനത്തിനും ആശയാവിഷ്‌കാരത്തിനുള്ള സ്വതന്ത്ര ‘ഇടം’ ഇനി മസ്‌കിന്റെ ട്വിറ്ററിലുണ്ടാവുമോ? ആർക്കും ഉറപ്പില്ല. ഏതായാലും ഒരുകാര്യം ഉറപ്പ്. ഒന്നും സൗജന്യമാകാൻ ഇനി സാധ്യത കുറവാണ്. തുടക്കമെന്ന നിലയ്ക്ക് ബ്ലൂടിക്കുകാർക്ക് മാസവരി വന്നുകഴിഞ്ഞു!
ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനായ ഇലോൺ മസ്‌ക് പെട്ടെന്ന് ഒരു ദിവസം ട്വിറ്ററിന് മോഹവില പറയുന്നു. ആദ്യം ഉടക്ക് വരുന്നു, മസ്‌കിന് വാശികൂടുന്നു. സമ്മർദത്തിനൊടുവിൽ കൈയൊഴിയാൻ ഉടമകൾ തീരുമാനിക്കുന്നു. അപ്പോൾ മസ്‌ക് തൊടുന്യായങ്ങൾ പറഞ്ഞു. സംഗതി കോടതിയിലെത്തി. അതോടെ പറഞ്ഞ വിലയ്ക്ക് വാങ്ങാൻ മസ്‌ക് തീരുമാനിച്ചു. കരാർ ഒപ്പുവച്ചു. മസ്‌കിന് ട്വിറ്റർ സ്വന്തമായി.
ട്വിറ്ററിൽ ഒരാഴ്ചയ്ക്കിടെ നടന്നതും ഇപ്പോഴും നടക്കുന്നതും സിനിമക്കഥയിൽ പോലും കാണാത്ത പലതുമാണ്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുമെന്ന സൂചന പരന്നതോടെ പലരും ആശങ്കയിലായി. ഒരു സുപ്രഭാതത്തിൽ മെയിൽ വരുന്നു. പകുതി ജീവനക്കാരെ ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നു. പുറത്താക്കപ്പെടുന്നവർക്ക് ആ വിധി മെയിലായി പിന്നാലെ വരുമെന്ന സന്ദേശം എല്ലാവർക്കും ഇൻബോക്സിലെത്തി. പലർക്കും ഉറക്കമില്ലാത്ത രാത്രി. പിരിച്ചുവിടൽ ഉണ്ടാകുമെന്ന അഭ്യൂഹം പ്രചരിച്ചതിനാൽ ചിലരെങ്കിലും അത് പ്രതീക്ഷിച്ചു. പക്ഷേ പിരിച്ചുവിടൽ രീതിയാണ് പലരേയും ഞെട്ടിച്ചത്.
ജോലി ചെയ്യുന്നതിനിടെ ലാപ് ടോപ് റീബ്യൂട്ട് ആകുന്നു വൈകാതെ സ്‌ക്രീൻ ബ്ലാങ്കായി. ഒന്നരവർഷമായി ട്വിറ്ററിൽ എൻജിനീയറായിരുന്ന ഇമ്മാനുവേൽ കോർനറ്റ് തന്റെ പണിപോയി എന്ന് മനസ്സിലാക്കിയത് ഇങ്ങനെ. കമ്പനിയുടെ ചട്ടങ്ങൾ ലംഘിച്ചതിനാൽ പിരിച്ചുവിടുന്നു എന്ന മെയിൽ പിന്നാലെയെത്തി. ആ അച്ചടക്കലംഘനം എന്താണെന്ന് ആരെങ്കിലും പറഞ്ഞുതരുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പ്രസവാവധിയിലായിരുന്നവർ പോലും പിരിച്ചുവിടപ്പെട്ടു. തലേന്ന് കുഞ്ഞിന് ജന്മം നൽകിയ ഒരു ജീവനക്കാരിക്ക് പിറ്റേന്ന് കിട്ടിയ സമ്മാനം പിരിച്ചുവിടൽ നോട്ടീസ്. പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചവർ നോട്ടീസ് കാലാവധിയിൽ കമ്പനിയുടെ ചട്ടങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ് എന്ന ഓർമ്മപ്പെടുത്തലും മെയിലിലുണ്ട്.
മസ്‌ക് വാങ്ങുമെന്ന സൂചന വന്നതുമുതൽ 700 ഓളം പേർ സ്വയം ട്വിറ്ററിൽ നിന്ന് രാജിവെച്ചുപോയി. ട്വിറ്ററിൽ അവതരിപ്പിക്കാൻ പോകുന്ന പുതിയ സേവനങ്ങൾ അതിന്റെ ജോലികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തീർക്കാനുള്ള അന്ത്യശാസനമാണ് പിന്നാലെ ഡിസൈൻ എൻജിനീയർമാർക്ക് ലഭിച്ചത്. ആഴ്ചയിൽ ഏഴ് ദിവസവും ജോലി. ദിവസം 12 മണിക്കൂർ ജോലി സമയം എന്ന താക്കീതാണ് മസ്‌കിന്റേത്.
കർശന ഉപാധികൾ കൂടി ഏർപ്പെടുത്തുന്നതോടെ ശേഷിക്കുന്നവരിൽ നല്ലൊരു പങ്കും സ്വയം പിരിഞ്ഞുപോകും എന്നാണ് മസ്‌ക് കണക്കുകൂട്ടുന്നതെന്ന് പല ജീവനക്കാരും പറയുന്നു. ആഗോളതലത്തിൽ 7500 ജീവനക്കാരാണ് ട്വിറ്ററിനുണ്ടായിരുന്നത്. ഇതിൽ പകുതി പേരെയും ഇതിനോടകം പിരിച്ചുവിട്ടു കഴിഞ്ഞു.
മസ്‌കിന്റെ കൈയിലായ ട്വിറ്ററിനെ മെരുക്കുന്നതിന്റെ ഭാഗമായി ആദ്യം കണ്ടകാഴ്ച കമ്പനിയിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ മസ്‌കിന്റെ പടയാളികളുടെ (വിശ്വസ്തർ) അകമ്പടിയിൽ പുറത്തേക്ക് കൊണ്ടുപോകുന്നതാണ്. പിന്നെ ഒരു ഗുഡ്ബൈയും. പിരിച്ചുവിടലിന് മുന്നോടിയായി ടെസ് ലയിലെ എൻജിനീയർമാരാണ് പറന്നിറങ്ങി ട്വിറ്ററിലെ ഡെവലപ്പർമാരുടെ കാര്യശേഷി നിർണയിച്ചത്.
‘അസംബന്ധം എന്ന് എല്ലാ ദിവസവും ആക്ഷേപിച്ചോളൂ. ബ്ലൂടിക് വേണമെങ്കിൽ എട്ട് ഡോളർ’ ഈടാക്കുമെന്ന് ഒരു കൂസലുമില്ലാതെ മസ്‌ക് ആവർത്തിച്ചു പറഞ്ഞുകഴിഞ്ഞു. മാസം തോറും എട്ട് ഡോളർ കൊടുത്താൽ ബ്ലൂടിക് നിലനിർത്താമെന്ന് ചുരുക്കാം. ഒരു മാസത്തിനുള്ളിൽ ഇന്ത്യയിലും ബ്ലൂടിക് ഫീസ് നിലവിൽ വരും. ഇതോടൊപ്പം ട്വിറ്ററിന് പരസ്യം നൽകിയിരുന്ന പലരും കമ്പനിയോട് സലാം പറഞ്ഞുപോകുന്നുമുണ്ട്.
ഒരു ദിവസം 40 ലക്ഷം ഡോളർ വീതം നഷ്ടത്തിലാണ് ട്വിറ്റർ. അതുകൊണ്ട് വേറെ ഒരു മാർഗവുമില്ല. രക്ഷാദൗത്യമാണ് നടക്കുന്നതെന്നാണ് മസ്‌ക് പറയുന്നു. ഏതായാലും ഇതുവരെ കണ്ട ട്വിറ്ററായിരിക്കില്ല ഇനി, അത് ഓർമ്മയായിരിക്കും. ‘കമ്പനിയുടെ കളികൾ കാണാനിരിക്കുന്നതേയുള്ളൂ’ എന്ന് ചുരുക്കും!
മസ്‌കിന്റെ കീഴിൽ രണ്ടാം ആഴ്ചയിലേക്ക് ട്വിറ്റർ കടക്കുമ്പോൾ കമ്പനിയിലെ ജീവനക്കാർ പകുതിയായി. പുറത്താക്കൽ തകൃതിയായി അരങ്ങേറിയപ്പോഴാണ് ചിലർക്ക് അടുത്ത സന്ദേശം കിട്ടിയത്. അബദ്ധത്തിൽ പുറത്താക്കൽ നോട്ടീസ് അയച്ചതാണെന്നും കമ്പനിയിലേക്ക് മടങ്ങണം എന്നുമുള്ള സന്ദേശം ഏതാനും പേർക്ക് ലഭിച്ചത് ഞായറാഴ്ചയാണ്.
ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിലും ജീവനക്കാരെ പിരിച്ചുവിടുന്നു. ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ ഈ ആഴ്ച ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്വിറ്ററിനെ അപേക്ഷിച്ച് നടപടി നേരിടേണ്ടി വന്നേക്കാവുന്ന ജീവനക്കാരുടെ എണ്ണം ഫേസ്ബുക്കില്‍ താരതമ്യേന കുറവായിരിക്കും.
എന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ജീവനക്കാരുടെ എണ്ണം ഒരു വര്‍ഷത്തിനിടയില്‍ ഒരു പ്രധാന ടെക്നോളജി കോര്‍പ്പറേഷനില്‍ ഇന്ന് വരെയുള്ളതില്‍ വെച്ച് ഏറ്റവും കൂടുതലായിരിക്കും. നിലവില്‍ കമ്പനിക്ക് ഏകദേശം 87,000 ജീവനക്കാരുണ്ട്. നവംബര്‍ 9 ന് മെറ്റായിലെ പിരിച്ചുവിടല്‍ പ്രക്രിയ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല