സ്വന്തം ലേഖകന്‍: ട്വിറ്ററില്‍ ഷാരൂഖ് ഖാന് നരേന്ദ്ര മോദിയെ തോല്‍പ്പിച്ചു, ഇനി മുന്നില്‍ സാക്ഷാല്‍ അമിതാഭ് ബച്ചന് മാത്രം. ഷാരൂഖ് ഖാന്റെ അസഹിഷ്ണുതാ പരാമര്‍ശത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന നേരത്താണ് കിംഗ് ഖാന് ട്വിറ്റര്‍ ഫോളോവര്‍മാരുടെ എണ്ണത്തില്‍ മോദിയെ മറികടന്നത്.
രാജ്യത്ത് വര്‍ഗീയമായ അസഹിഷ്ണുത വര്‍ദ്ധിച്ചു വരികയാണെന്ന ഖാന്റെ പ്രസ്താവന നടനെ ഹിന്ദു തീവ്രവാദികളുടെ നോട്ടപ്പുള്ളിയാക്കിയിരുന്നു. ഖാന് പാകിസ്താന് ഏജന്റാണെന്നും പാകിസ്താനിലേക്ക് നാടുകടത്തണം എന്നും മറ്റുമുള്ള ബി ജെ പി നേതാക്കളുടെ പ്രസ്താവനകള്‍ എന്നാല്‍ ഷാരൂഖ് ഖാന്റെ ജനപ്രീതി വന്‍ തോതില്‍ ഉയര്‍ത്തി.
സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്മാരും ഷാരൂഖിന് പിന്തുണയുമായി എത്തി. ഒടുവിതാ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ സാക്ഷാല്‍ നരേന്ദ്ര മോദിയെ തന്നെ പിന്തള്ളിയിരിക്കുകയാണ് ഷാരൂഖ് ഇപ്പോള്‍.
ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഷാരൂഖ് ഖാന്. അമിതാഭ് ബച്ചനാണ് ഒന്നാം സ്ഥാനത്ത്. 17.6 മില്യണ്‍ പേരാണ് ട്വിറ്ററില്‍ ബിഗ് ബിയെ ഫോളോ ചെയ്യുന്നത്. 15.8 മില്യണ്‍ ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുന്നുണ്ട്. മോദിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബോളിവുഡ് താരമായ ഖാന് രണ്ടാം സ്ഥാനത്തെത്തിയത്.
2010 ജനുവരി മൂന്നിനാണ് ഷാരൂഖ് ഖാന് ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. ട്വിറ്ററില്‍ വളരെയധികം ആക്ടീവായ സെലിബ്രിറ്റികളില്‍ ഒരാളാണ് ഷാരൂഖ് ഖാന്. ആരാധകര്‍ക്ക് വേണ്ടി ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചും പ്രധാന സംഭവങ്ങളില്‍ അഭിപ്രായം പറഞ്ഞും മറ്റുമാണ് ഷാരൂഖ് ഖാന് ഈ അക്കൗണ്ട് ഉപയോഗിച്ചുപോരുന്നത്. അതിനിടയിലാണ് ബി ജെ പി നേതാക്കളുടെ വകയായി ഇപ്പോഴത്തെ ഈ വിവാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല