അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) പ്രഥമ ട്വന്റി 20 റാങ്കിങ്ങില്‍ നിലവിലെ ലോക ജേതാക്കളായ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിന്റെ ഇയോന്‍ മോര്‍ഗന്‍ ബാറ്റിങ് റാങ്കിങ്ങിലും ശ്രീലങ്കയുടെ അജാന്ത മെന്‍ഡിസ് ബൗളിങ് റാങ്കിങ്ങിലും ഒന്നാമത് നില്‍ക്കുന്നു. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണാണ് ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടര്‍.
127 റേറ്റിങ് പോയന്റുമായാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ശ്രീലങ്ക (126), ന്യൂസീലന്‍ഡ് (117), ദക്ഷിണാഫ്രിക്ക (113), ഇന്ത്യ (112), ഓസ്‌ട്രേലിയ (111), പാകിസ്താന്‍ (97), വെസ്റ്റിന്‍ഡീസ് (89), അഫ്ഗാനിസ്താന്‍ (75), സിംബാബ്‌വെ (54) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ റാങ്കിങ്. 2009 ആഗസ്ത് മുതലുള്ള മത്സരങ്ങളാണ് റാങ്കിങ്ങിന് പരിഗണിച്ചിട്ടുള്ളത്. ബംഗ്ലാദേശ്, ഹോളണ്ട്, കെനിയ, അയര്‍ലന്‍ഡ്, കാനഡ, സ്‌കോട്ട്‌ലന്‍ഡ് എന്നീ ടീമുകള്‍ക്ക് പട്ടികയില്‍ ഇടമില്ല. എട്ട് അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ടീമുകളാണ് പട്ടികയില്‍ വന്നിട്ടുള്ളത്.
ട്വന്റി 20യിലെ ആദ്യ പത്ത് ബാറ്റ്‌സ്മാന്മാരില്‍ഇന്ത്യയുടെ സുരേഷ് റെയ്‌ന മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. അഞ്ചാം സ്ഥാനത്താണ് റെയ്‌ന. യുവരാജ് സിങ് 12-ാം സ്ഥാനത്തും ഗൗതം ഗംഭീര്‍ 16-ാം സ്ഥാനത്തുമുണ്ട്. ബൗളര്‍മാരില്‍ ഒമ്പതാം സ്ഥാനത്തുള്ള ഹര്‍ഭജന്‍ സിങ്ങാണ് മുന്നിലുള്ള ഇന്ത്യക്കാരന്‍. 37-ാം സ്ഥാനത്തുള്ള യൂസഫ് പഠാനാണ് അടുത്ത സ്ഥാനത്തുള്ള ഇന്ത്യന്‍ ബൗളര്‍. ഓള്‍റൗണ്ടര്‍മാരില്‍ യുവരാജ് സിങ്ങിന് ആറാം സ്ഥാനമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല