ഈ സ്വാമിയെക്കൊണ്ട് മടുത്തുപോവുകേയുള്ളു കേട്ടോ. ഓരോരോ വെളിപാടുകള്‍ നല്ല ഒന്നാന്തരമായി എഴുതിയുണ്ടാക്കി ബയന്റിട്ട് മുഖ്യമന്ത്രിക്കു കൊടുക്കുക, അതിന്റെ ഓരോ കോപ്പി പത്രക്കാര്‍ക്കും ചാനലുകള്‍ക്കും കൊടുക്കുക, എന്നിട്ട് ചാനലുകളില്‍ ചര്‍ച്ചയും തെരുവില്‍ കോലാഹലവും മൂക്കുമ്പോള്‍ അതൊക്കെ നന്നായി ആസ്വദിച്ചു ചിരിക്കുക. സ്വാമി എന്നത് കൃഷ്‌ണയ്യര്‍ ജസ്റ്റിസിനെ അടുപ്പക്കാര് വിളിക്കുന്ന പേരാണ്.
നാം രണ്ട് നമുക്ക് രണ്ട് എന്ന മുദ്രാവാക്യത്തിന്റെ ആളായി മാറിയിരിക്കുകയാണ് സ്വാമി ഇപ്പോള്‍. ദേശീയ ജനസംഖ്യാ നിയന്ത്രണത്തിന്റെ അടിസ്ഥാന തത്വവും രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നില്ല. പറഞ്ഞുനോക്കുന്നുവെന്നു മാത്രം. രണ്ടില്‍ കൂടുതല്‍ കുട്ടികളായാല്‍ നിങ്ങളെ ഞങ്ങള്‍ ശിക്ഷിച്ചു കളയും, പഞ്ചായത്ത് പൈപ്പീന്നു വെള്ളമെടുക്കാന്‍ സമ്മതിക്കില്ല, റേഷന്‍ കാര്‍ഡീന്നു പേരുവെട്ടും തുടങ്ങിയ മണ്ടത്തരങ്ങളൊന്നും ഇതുവരെ ഒരു സര്‍ക്കാരും പ്രജകളോടു പറഞ്ഞുകേട്ടിട്ടില്ല. പക്ഷേ, അതുകൊണ്ട് നമുക്ക് മുഴുവന്‍നേരവും ഉല്‌പാദനത്തെക്കുറിച്ചു ചിന്തിക്കാം എന്നുറപ്പിച്ച് രണ്ടില്‍കൂടുല്‍ കുട്ടികളെ ജനിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധരായിരിക്കുകയാണ് ദമ്പതികളഖിലവും എന്നും തോന്നുന്നുമില്ല.
ഉള്ളതുങ്ങളെത്തന്നെ നോക്കാന്‍ സമയവും സാഹചര്യവുമില്ലാത്തവരുടെ ബുദ്ധിമുട്ട് കാണുന്നതുകൊണ്ട് രണ്ടിനു പകരം ഒന്നാക്കാന്‍ ഉല്‍സാഹിക്കുകയാണ് പലരും. അതുകൊണ്ട് പണ്ടത്തെപ്പോലെ ബക്കറ്റും പണവുമൊന്നും കൊടുത്ത് ഞരമ്പ് മുറിക്കല്‍ തീവ്രയത്‌നമൊന്നും നടത്താന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളിലുള്ള സര്‍ക്കാരുകളും മെനക്കെടുന്നുമില്ല. ജനസംഖ്യ കൂടുതലാണെന്നു തോന്നിയപ്പോള്‍ ഗുജറാത്തില്‍ കുറച്ചുപേരെയങ്ങ് ഒഴിവാക്കിയതുപോലുള്ള വിക്രിയകള്‍ ഇടയ്‌ക്കു നടക്കുന്നുണ്ടെന്നു മാത്രം,
കേരളത്തിലാണെങ്കില്‍ അതത്ര എളുപ്പവുമല്ല. അതിന്റെ കുറവു തീര്‍ക്കുന്ന മട്ടിലാണ് കൃഷ്‌ണയ്യര്‍ സാമീടെ പുറപ്പാട്. കുട്ടികള്‍ രണ്ടുമതി. മൂന്നാമതുള്ളവര്‍ക്ക് കാല്‍ക്കാശു കൊടുതക്കരുത് എന്നാണ് അരുളപ്പാട് നമ്പര്‍ വണ്‍. കേട്ടപാതി കേള്‍ക്കാത്തപാതി ബാക്കി കേള്‍ക്കാന്‍പോലും നില്‍ക്കാതെ അച്ചന്‍മാര്‍ ചാടിയിറങ്ങി. ഇല്ലില്ല, ഞങ്ങള് സമ്മതിക്കുവേല കേട്ടോ എന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. തൊട്ടുപിന്നാലെ മൗലവിമാരും ഇറങ്ങി. ചാനല്‍ ലേഖകന്‍മാരുടെ മൈക്കുകള്‍ മണം പിടിച്ചു. മുഖ്യമന്ത്രിയുടെ വായിലേക്ക് അത് നീണ്ടു ചെന്നപ്പോള്‍ കുഞ്ഞൂഞ്ഞ് മുടി മാടിയൊതുക്കി ലജ്ജയോടെ ചിരിച്ചു. എന്നിട്ടു പറഞ്ഞു ചര്‍ച്ച ചെയ്യും, എല്ലവരുമായി ചര്‍ച്ച ചെയ്യും. അടുത്തത് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഊഴമായിരുന്നു. ചര്‍ച്ചയെക്കുറിച്ചുതന്നെ വിനീതനായ അദ്ദേഹവും മൊഴിയുകയുണ്ടായി. എന്നാലോ, നടപ്പാക്കാന്‍ സമ്മതിക്കുന്ന പ്രശ്‌നമേയില്ലെന്ന വാശി അച്ചന്‍മാരുടെയും മൗലവിമാരുടെയും മുഖത്ത് ചാനല്‍ കുഞ്ഞുങ്ങള്‍ വായിച്ചെടുത്തു.
ചാനല്‍ സ്റ്റുഡിയോകള്‍ ഉണര്‍ന്നു. ശ്രീ ഫാദര്‍ താങ്കള്‍ എന്തു പറയുന്നു, കുട്ടികളെത്ര വേണം..?
അച്ചനു ചിരിവന്നു, ഓ, എനിക്കിനിയിപ്പോ കുട്ടികളൊന്നും വേണ്ടെന്നേ.
സ്റ്റുഡിയോയില്‍ ചിരി പടര്‍ന്നപ്പോള്‍ സാമി അനുകൂലികള്‍ പറഞ്ഞു, ചിരിക്കണ്ട, ചിരിക്കണ്ട, നിയന്ത്രിച്ചേ പറ്റൂ.
അപ്പോള്‍, സാമി വിരുദ്ധ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അനുകൂലിയോട് ചോദിച്ചു. ചേട്ടാ, ചേട്ടന്റെ വീട്ടില്‍ എത്രപേരുണ്ട്.
അതു പിന്നെ, ഞങ്ങള് പത്ത് പേരാ, ആറാണും നാലു പെണ്ണും.
വീണ്ടും ചിരി മുഴങ്ങി…
ശ്ശോ, ഈ സാമിയുണ്ടാക്കുന്ന ഓരോരോ തമാശകളേ..!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല