സ്വന്തം ലേഖകന്‍: ഉക്രെയിനില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികളായ ഹൈദരാബാദ് എല്‍.ബി നഗര്‍ സ്വദേശി ശിവകാന്ത് റെഡ്ഡി, കഡപ്പ സ്വദേശി അശോക് കുമാര്‍ എന്നിവരാണ് മരിച്ചത്. സുഹൃത്തുകളുമൊത്ത് ബീച്ചില്‍ വോളിബാള്‍ കളിക്കുന്നതിനിടെ ആയിരുന്നു അപകടം.
ഇരുവരും ഉക്രെയിനിലെ സപോറോസി സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളായിരുന്നു. വോളിബാള്‍ കളിക്കുന്നതിനിടെ ബാള്‍ എടുക്കുവാനുള്ള ശ്രമത്തില്‍ സുഹൃത്തുകളില്‍ ഒരാള്‍ കടലില്‍ വീണു. ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശിവകാന്തും അശോകും തിരയില്‍പ്പെടുകയായിരുന്നു.
നാട്ടില്‍ അവധിക്കാലം ചെലവഴിച്ച ശേഷം ഈ മാസമാണ് ഇരുവരും ഉക്രെയിനിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുവരുടേയും മൃതദേഹങ്ങള്‍ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി കഴിയും വേഗം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി സഹപാഠികള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല