സ്വന്തം ലേഖകന്‍: മാംഗ്ഖൂട്ട് ചുഴലിക്കാറ്റില്‍ ഫിലിപ്പീന്‍സില്‍ 64 മരണം; ഭീതി വിതച്ച് കാറ്റ് ദക്ഷിണ ചൈനയില്‍; 24 ലക്ഷം പേരെ ഒഴിപ്പിക്കുന്നു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് ഫിലിപ്പീന്‍സില്‍ മരണസംഖ്യ വര്‍ധിക്കാന്‍ കാരണം. ചുഴലിക്കൊടുങ്കാറ്റ് മൂലം ദക്ഷിണ ചൈനയില്‍ 24 ലക്ഷം പേരെ ഒഴിപ്പിക്കുകയും 50,000 മീന്‍പിടിത്ത ബോട്ടുകള്‍ തിരികെ വിളിക്കുകയും ചെയ്തു.
വടക്കന്‍ ഫിലിപ്പീന്‍സില്‍ പാവപ്പെട്ട ഖനിത്തൊഴിലാളികള്‍ പാര്‍ക്കുന്ന ഗ്രാമങ്ങളിലാണ് ശനിയാഴ്ച ചുഴലിക്കൊടുങ്കാറ്റ് വന്‍നാശം സൃഷ്ടിച്ചത്. വീടുകള്‍ വീണും മണ്ണിടഞ്ഞും ആളുകള്‍ മരിച്ചതു കൂടാതെ 45 പേരെ കാണാതായിട്ടുണ്ട്. 33 പേര്‍ക്ക് കൊടുങ്കാറ്റ് മൂലം ഉണ്ടായ അപകടങ്ങളില്‍ പരുക്കേറ്റു. ദക്ഷിണ ചൈനയില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു.
ഹോങ്കോങ്ങിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഹോങ്കോങ്ങില്‍ അടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റായിരിക്കും ഇതെന്ന് ഹോങ്കോങ് ഒബ്‌സര്‍വേറ്ററി മുന്നറിയിപ്പു നല്‍കി. മക്കാവുവിലെ ചൂതാട്ട കേന്ദ്രങ്ങള്‍ അടച്ചു. വിക്ടോറിയ തുറമുഖത്ത് കനത്ത ജാഗ്രതപാലിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. വിമാന സര്‍വീസുകള്‍ റദ്ദാക്കി. കനത്ത മഴയെത്തുടര്‍ന്നു ഹോങ്കോങ്ങില്‍ കെട്ടിടങ്ങള്‍ക്കും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല