സ്വന്തം ലേഖകന്‍: അബുദാബിയില്‍ നിര്‍മ്മിക്കുന്ന ആണവ നിലയത്തെ ലക്ഷ്യമാക്കി യെമനില്‍ നിന്ന് ഹൗതി വിമതര്‍ മിസൈല്‍ തൊടുത്തതായി റിപ്പോര്‍ട്ട്, വാര്‍ത്ത നിഷേധിച്ച് യുഎഇ. മിസൈല്‍ ലക്ഷ്യത്തില്‍ പതിച്ചെന്നു ഹൗതികള്‍ അവകാശപ്പെട്ടപ്പോള്‍ ഇത്തരമൊരു മിസൈല്‍ ആക്രമണം നടന്നിട്ടില്ലെന്നാണ് യുഎഇയുടെ നിലപാട്. യുഎഇയ്ക്ക് മിസൈല്‍ പ്രതിരോധ സംവിധാനമുണ്ടെന്നും ഏതു മിസൈല്‍ ആക്രമണത്തെയും പരാജയപ്പെടുത്താനാവുമെന്നും വാം ന്യൂസ് ഏജന്‍സി അറിയിച്ചു.
ആണവനിലയത്തിനു പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടായിരം കോടി ഡോളര്‍ മുതല്‍മുടക്കുള്ള ബറാക് ആണവനിലയത്തിന്റെ കമ്മീഷനിംഗ് 2018ല്‍ പൂര്‍ത്തിയാക്കാമെന്നാണു കരുതുന്നത്. ഇത്തരം നാലു നിലയങ്ങള്‍ നിര്‍മിക്കാന്‍ യുഎഇക്കു പദ്ധതിയുണ്ട്. യുഎസുമായി സഖ്യത്തിലുള്ള മറ്റു രാജ്യങ്ങള്‍ക്കുള്ളതുപോലെ യുഎഇക്കും പേട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനമുണ്ട്.
ഇതുപയോഗിച്ച് ബാലിസ്റ്റിക് മിസൈലുകള്‍ വെടിവച്ചിടാനാവും. മിസൈല്‍ ആക്രമണം സംബന്ധിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡോ പെന്റഗണോ പ്രതികരിച്ചിട്ടില്ല. ബറാക് ആണവ നിലയത്തിന്റെ നിര്‍മാണജോലികള്‍ ഇന്നലെയും പതിവു പോലെ തുടര്‍ന്നതായി അബുദാബിയിലെ ദ നാഷണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം സൗദിയിലെ റിയാദ് അന്തര്‍ദേശീയ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൗതികള്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചെങ്കിലും ലക്ഷ്യത്തിലെത്തും മുന്പ് സൗദി സേന മിസൈല്‍ തകര്‍ക്കുകയായിരുന്നു. യെമനിലെ മുന്‍ പ്രസിഡന്റ് സാലിഹിന് രാഷ്ട്രീയ, സാന്പത്തിക പിന്തുണ നല്‍കുന്ന യുഎഇക്ക് മുന്നറിയിപ്പെന്ന നിലയിലാണ് അബുദാബിയില്‍ മിസൈല്‍ ആക്രമണം നടത്തിയതെന്നു മുതിര്‍ന്ന ഹൗതി ഉദ്യോഗസ്ഥന്‍ ഡെയിഫ് അല്‍ ഷാമി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല