സ്വന്തം ലേഖകന്‍: യുഎഇയിലെ ജയില്‍ ഭൂമിയിലെ നരകം; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ചാരനാണെന്ന് ആരോപിച്ച് യുഎഇ തടവിലാക്കിയ ബ്രിട്ടീഷ് വിദ്യാര്‍ത്ഥി. പഠനാവശ്യത്തിനായി ദുബായിലെത്തിയ ബ്രിട്ടീഷ് പൗരനായ മാത്യു ഹെഡ്ജസ് എന്ന 31 കാരനെ എം ഐ 6 ചാരനെന്നാരോപിച്ച് യുഎഇ സുരക്ഷാസേന തടവിലാക്കിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിവാദമായിരുന്നു.
ബ്രിട്ടനും യുഎഇയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ തന്നെ വിഷയം ഏറെ വിള്ളല്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് അഞ്ചു മാസത്തെ തടവിന് ശേഷം യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് കുറ്റവാളികള്‍ക്ക് നല്‍കിയ പൊതുമാപ്പില്‍ മാത്യു ഹെഡ്ജസിനെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു. പൊതുമാപ്പ് ലഭിച്ച് ബ്രിട്ടനില്‍ തിരികെയെത്തിയ മാത്യു മാധ്യമങ്ങള്‍ക്ക് മുന്നിലാണ് താന്‍ അനുഭവിച്ച കൊടുംക്രൂരതകള്‍ വെളിപ്പെടുത്തിയത്.
ഗള്‍ഫിലെ സുരക്ഷാ സംവിധാനങ്ങളില്‍ പിഎച്ച്ഡി ചെയ്യുന്ന മാത്യു തീസിസിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്കാണ് ദുബായിലെത്തിയത്. രണ്ടാഴ്ച കഴിഞ്ഞു ബ്രിട്ടനിലേക്ക് മടങ്ങും വഴിയാണ് യുഎഇ സുരക്ഷാ സംഘം മാത്യുവിനെ എം ഐ 6 ചാരനെന്നാരോപിച്ച് മെയ് അഞ്ചിന് കസ്റ്റഡിയിലെടുക്കുന്നത്. അബുദാബിയിലെ ഇരുണ്ട ജയിലറയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയതെന്ന് മാത്യു പറയുന്നു.
മാരകമായ ലഹരി വസ്തുക്കള്‍ ശരീരത്തില്‍ കുത്തിവക്കുക, പതിനഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി കണങ്കാലില്‍ നിറുത്തുക എന്നിങ്ങനെ മൃഗീയമായ പീഡനമുറകളായിരുന്നു നേരിടേണ്ടി വന്നതെന്ന് മാത്യു വ്യക്തമാക്കി. ഇരുട്ട് നിറഞ്ഞ മുറിയില്‍ ലൈറ്റിടുന്നത് ഭക്ഷണം നല്‍കാന്‍ മാത്രമായിരുന്നു. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നതായും മാത്യു കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ തന്നെയുണ്ടായിരുന്ന മാത്യു ഹെഡ്ജസിന്റെ മാതാവ് ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ടതോടെയാണ് മാത്യുവിന്റെ മോചനത്തിന് വഴിതെളിഞ്ഞത്. നവംബര്‍ 26 നാണ് ലണ്ടനില്‍ തിരിച്ചെത്തിയ മാത്യു യുഎഇ സുരക്ഷാ വിഭാഗത്തിന്റെ ക്രൂരതകള്‍ക്കെതിരെ നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല