1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2017

സ്വന്തം ലേഖകന്‍: ജറുസലേം പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് അടിതെറ്റി, യുഎസിനെതിരായ പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പാസായി. ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് എതിരായ പ്രമേയം ഒന്‍പതിന് എതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസ്സാക്കി. പൊതുസഭയിലെ വോട്ടെടുപ്പില്‍നിന്ന് 35 അംഗരാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്കയ്ക്ക് എതിരായ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു.

യുഎസിന്റെയും ഇസ്രയേലിന്റെയും കടുത്ത എതിര്‍പ്പിനെ മറികടന്നാണ് യുഎന്‍ പൊതുസഭയില്‍ പ്രമേയം പാസായത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ത് അവതരിപ്പിച്ച പ്രമേയം യുഎസ് വീറ്റോ ചെയ്തിരുന്നു. പ്രമേയം യുഎസ് വീറ്റോ ചെയ്തതോടെ യുഎന്‍ പൊതുസഭയുടെ അടിയന്തര സമ്മേളനം വിളിച്ചുകൂട്ടാന്‍ പലസ്തീന്‍ രംഗത്തിറങ്ങി.

ട്രംപിന്റെ പ്രഖ്യാപനത്തെ ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി അടുത്ത സഖ്യരാജ്യങ്ങളടക്കം സമിതിയിലെ മറ്റു 14 അംഗങ്ങളും എതിര്‍ത്തു. ട്രംപ് ഭരണകൂടത്തിന്റെ ആദ്യ വീറ്റോയാണിത്. ആറു വര്‍ഷത്തിനിടെ യുഎസ് പ്രയോഗിക്കുന്ന ആദ്യത്തേതും. പ്രമേയത്തില്‍ ഐക്യരാഷ്ട്ര സംഘടന ദീര്‍ഘനാളായി പിന്തുടര്‍ന്നുവരുന്ന നിലപാട് ആവര്‍ത്തിച്ചു.

ജറുസലമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി പിന്‍വലിക്കണമെന്നും ഒരുരാജ്യവും ജറുസലമില്‍ എംബസി തുറക്കരുതെന്നും ആവശ്യപ്പെടുന്നതാണ് പ്രമേയം. തങ്ങളുടെ എംബസി എവിടെ സ്ഥാപിക്കണമെന്നു മറ്റൊരു രാജ്യവും പറയേണ്ട. യുഎസ് അതിന്റെ പരമാധികാരം സംരക്ഷിക്കാന്‍ നിര്‍ബന്ധിതമാണ്. തീരുമാനത്തെ എതിര്‍ക്കുന്നവര്‍ക്ക് തങ്ങളുടെ സഹായം വെട്ടിക്കുറയ്ക്കുമെന്നും യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി താക്കീത് നല്‍കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.