സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനായിട്ടാണെങ്കില്‍ വിദേശത്ത് നിന്ന് പുതുതായി വിദ്യാര്‍ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന് അമേരിക്കന്‍ ഭരണകൂടം.ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള വിദേശ വിദ്യാർഥികൾ രാജ്യംവിടണമെന്ന വിവാദമായ മുൻ ഉത്തരവ് പിൻവലിച്ചതിന് പിന്നാലെയാണ് പുതിയ വിദ്യാർഥികൾക്കുള്ള അനുമതി യുഎസ് നിഷേധിച്ചത്.
കുടിയേറ്റത്തിനെതിരേ കർശന നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടം കൊവിഡ് സാഹചര്യത്തിൽ വിദേശ പൗരൻമാർക്കുള്ള വിവിധ വിസകൾ നേരത്തെ താത്‌കാലികമായി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലും വിദേശ വിദ്യാർഥികൾക്ക് യുഎസ് വിലക്കേർപ്പെടുത്തുന്നത്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് വെള്ളിയാഴ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള വിദ്യാർഥികൾ രാജ്യം വിടണമെന്ന സർക്കാർ നിർദേശത്തിനെതിരേ നേരത്തെ ഹാർവാർഡ് സർവകലാശാല, എം.ഐ.ടി, അധ്യാപക യൂണിയൻ എന്നിവ കോടതിയെ സമീപിച്ചിരുന്നു. ഇതിന് ശേഷമാണ് ജൂലായ് 14ന് വിവാദ ഉത്തരവ് ട്രംപ് ഭരണകൂടം പിൻവലിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎസിലെ ഭൂരിഭാഗം സർവകലാശാലകളും കോളേജുകളും അടുത്ത സെമസ്റ്ററിലേക്കുള്ള പദ്ധതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ക്ലാസുകൾ ഓൺലൈനാക്കുമെന്ന് ഹാർവാർഡ് സർവകലാശാല അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല