സ്വന്തം ലേഖകൻ: പ്രതീക്ഷയുടെ പുതുപുലരിയെ വരവേറ്റ് പുതിയ ലക്ഷ്യത്തിലേക്കു ചുവടുവച്ച് യുഎഇ. ആഘോഷരാവിൽ നിന്ന് ലഭിച്ച നവോന്മേഷത്തോടെയാണ് പുതുവർഷത്തിലെ ആദ്യ പ്രവൃത്തി ദിവസത്തിലേക്ക് ജനം കടക്കുന്നത്.
സാങ്കേതിക വിദ്യയുടെ പുതിയ യുഗത്തിൽ റോബട്ടുകളുമായോ നിർമിത ബുദ്ധി ഉൾപ്പെടെ നവീന സാങ്കേതിക വിദ്യകളുമായോ ഉള്ള മത്സരത്തിൽ പിടിച്ചുനിൽക്കാൻ കഠിനാധ്വാനം വേണ്ടിവരുമെന്ന കരുതലോടെയാണ് ചുവടുവയ്ക്കുന്നത്. കാലോചിതമായ വൈദഗ്ധ്യം നേടിയില്ലെങ്കിൽ മുന്നോട്ടുപോകാനാകില്ലെന്ന ചിന്തയ്ക്കും മികവ് പുലർത്താനുള്ള തയാറെടുപ്പിനും പ്രസക്തിയേറുന്നെന്ന് എച്ച്ആർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വൈദഗ്ധ്യം വർധിപ്പിക്കാനുള്ള പാർട്ട് ടൈം, ഓൺലൈൻ കോഴ്സുകൾക്ക് അപേക്ഷകർ വർധിച്ചത് ജനം കാര്യങ്ങൾ ഗൗരവമായി എടുക്കുന്നതിന് തെളിവായി വിദ്യാഭ്യാസ രംഗത്തുള്ളവർ വ്യക്തമാക്കുന്നു. പുതുവർഷാഘോഷത്തിന് വിവിധ സ്ഥലങ്ങളിൽ സംഗമിച്ചവർക്കിടയിലെ പ്രധാന ചർച്ചകൾ ഈ വിധമായിരുന്നു.
ഗൾഫിൽ വീസ നിയമങ്ങളിൽ പ്രത്യേകിച്ച് സന്ദർശക വീസ നിയമങ്ങളിൽ കർശന വ്യവസ്ഥകൾ കൊണ്ടുവരുന്നത് ഇതിന്റെ ഭാഗമാണെന്ന് ട്രാവൽ രംഗത്തുള്ളവരും സൂചിപ്പിച്ചു. സന്ദർശകനായാലും ടൂറിസ്റ്റായാലും അവർ എത്തുമ്പോൾ ഈ രാജ്യത്തിന് എന്തു നേട്ടമാണ് ഉണ്ടാകുന്നതെന്ന് ചിന്തിക്കാൻ ജിസിസി രാജ്യങ്ങൾ തുടങ്ങിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല