സ്വന്തം ലേഖകൻ: യുഎഇയിൽ പ്രവാസികൾക്ക് സ്വന്തം ഉടമസ്ഥതയിൽ ബിസിനസ് തുടങ്ങാവുന്ന നിയമഭേദഗതി ജൂൺ ഒന്നു മുതൽ നടപ്പാക്കും.യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം നവംബർ 23ന് പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനമാണ് ഇപ്പോൾ പ്രാബല്യത്തിൽ വരുന്നത്. നിലവിലെ നിയമമനുസരിച്ച് ഫ്രീ സോണിന് പുറത്ത് ലിമിറ്റഡ് കമ്പനികൾ തുടങ്ങാൻ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് നൽകണമെന്ന് നിബന്ധനയുണ്ടായിരുന്നു.
ഭേദഗതി നടപ്പാകുന്നതോടെ വിദേശികൾക്ക് 100 ശതമാനം നിക്ഷേപത്തോടെ എൽ.എൽ.സികളും തുടങ്ങാം. എന്നാൽ എണ്ണഖനനം, ഊർജോൽപാദനം, പൊതുഗതാഗതം, സർക്കാർ സ്ഥാപനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. കമ്പനി ഉടമസ്ഥാവകാശ നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് യു.എ.ഇ ആറു മാസം മുമ്പ് പ്രഖ്യാപിച്ചത്. ചിലത് ഡിസംബർ ആദ്യം മുതൽ നടപ്പാക്കിത്തുടങ്ങിയിരുന്നു. 100 ശതമാനം ഉടമസ്ഥാവകാശം ഉൾപ്പെടെയുള്ളവ ആറു മാസത്തിനു ശേഷമാണ് നടപ്പാക്കുക എന്നും അറിയിച്ചിരുന്നു.
122 മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് പൂർണ വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നത്. ഉൽപാദന, കാർഷിക മേഖലകൾക്കാണ് പ്രാധാന്യം. എന്നാൽ, നിശ്ചിത തുകക്ക് മുകളിൽ മുതൽമുടക്കുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. കമ്പനി ഉടമസ്ഥാവകാശ നിയമത്തിൽ ഭേദഗതി വരുത്തി പ്രസിഡൻറ് ശൈഖ് ഖലീഫ ആൽ നഹ്യാനാണ് ഉത്തരവിറക്കിയത്. കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഓഹരിയായി പൊതുജനങ്ങൾക്ക് വിൽക്കാം എന്നും ഭേദഗതിയിൽ പറഞ്ഞിരുന്നു. നേരത്തേ 30 ശതമാനം ഷെയറുകൾ വിൽക്കാൻ മാത്രമായിരുന്നു അനുമതി.
വീഴ്ചയുണ്ടായാൽ കമ്പനികളുടെ ചെയർമാനും മുതിർന്ന ഉദ്യോഗസ്ഥർക്കും എതിരെ ഓഹരി ഉടമകൾക്ക് സിവിൽ കേസ് ഫയൽ ചെയ്യാനും നിയമം അനുവദിക്കുന്നുണ്ട്. നേരത്തേ മുതൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പുതിയ നിയമ ഭേദഗതിയുടെ ഗുണം ലഭിക്കും. പ്രഖ്യാപനം നടപ്പാക്കുന്നതോടെ യു.എ.ഇയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഹാമാരിയിൽ പ്രതിസന്ധിയിലായ ആഗോള സാമ്പത്തിക മേഖലക്ക് കരുത്തുപകരുന്ന നിയമ ഭേദഗതിയാണിതെന്ന് സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മറി പറഞ്ഞു. ദീർഘവീക്ഷണത്തോടെയുള്ള തീരുമാനമാണിതെന്നും രാജ്യത്തിെൻറ സാമ്പത്തിക മേഖലയിൽ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് മറ്റു പല രാജ്യങ്ങളും നികുതി വർധിപ്പിച്ചപ്പോഴും സംരംഭകരെ ചേർത്തുപിടിക്കുന്ന നയമാണ് യു.എ.ഇ സ്വീകരിച്ചത്. ഫീസിളവ് നൽകിയും പിഴകൾ റദ്ദാക്കിയും സംരംഭകർക്ക് കൈത്താങ്ങ് നൽകിയിരുന്നു.
യുവ സംരംഭകർക്കായി ദുബൈ നെക്സ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. ക്രിയാത്മക ബിസിനസുകൾക്ക് പൊതുജനങ്ങളിൽനിന്ന് ഫണ്ട് സമാഹരിക്കുന്ന സംവിധാനമാണിത്.
ബിസിനസ് രംഗത്ത് പുതിയ ആശയങ്ങളുമായി എത്തുന്നവർക്ക് തങ്ങളുടെ സംരംഭം തുടങ്ങാൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിക്ഷേപം കണ്ടെത്തുന്ന വേദിയായിരിക്കും ദുബൈ നെക്സ്റ്റ്. ബിസിനസിന് ആവശ്യമായ മൂലധനം പൊതുജനങ്ങളിൽനിന്ന് ഓൺലൈൻ മുഖേന ചെറു തുകകളായി സമാഹരിക്കുന്ന രീതിയാണ് ക്രൗഡ് ഫണ്ടിങ്. യു.എ.ഇയിലെയും മറ്റു രാജ്യങ്ങളിലെയും യുവാക്കൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്തി യു.എ.ഇയിൽ സ്വന്തം ബിസിനസ് ആരംഭിക്കാമെന്ന് ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല