സ്വന്തം ലേഖകൻ: ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ട സ്വദേശിവൽക്കരണം നടപ്പാക്കാൻ 12,000 കമ്പനികൾക്കു നിർദേശം നൽകി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇമറാത്തി ടാലന്റ് കോമ്പറ്ററ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) പ്രകാരം 20–49 ജീവനക്കാരുള്ള കമ്പനികളിൽ വർഷത്തിൽ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിബന്ധന. 2025ലും ഈ കമ്പനികൾ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. ഇതോടെ 2 വർഷത്തിനകം ഈ വിഭാഗം കമ്പനികളിൽ മൊത്തം 24,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കും.
ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് ജനുവരി ഒന്നു മുതൽ സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്. യുഎഇ മന്ത്രിസഭാ തീരുമാനം നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രാലയ അണ്ടർ സെക്രട്ടറി ആയിഷ ബെൽഹാർഫിയ പറഞ്ഞു. ഈ വിഭാഗം കമ്പനികൾ നാഫിസ് പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്യാനും ആഹ്വാനം ചെയ്തു.
സ്വദേശിവൽക്കരണ മേഖലകൾ
വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സാമൂഹിക സേവനം, നിർമാണം, ഹോൾസെയിൽ ആൻഡ് റീട്ടെയ്ൽ, കംപ്യൂട്ടർ പ്രോഗ്രാമിങ്, കൺസൾട്ടൻസി/മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, വെബ്സൈറ്റ് നിർമാണം, ഡേറ്റ പ്രോസസിങ്, ഹോസ്റ്റിങ്, ഫിനാൻഷ്യൽ ആൻഡ് ഇൻഷുറൻസ്, ഫിനാൻഷ്യൽ അനാലിസിസ്, കൺസൽറ്റിങ്, ബാങ്കിങ് സർവീസ്, കറൻസി, ലോഹ വിപണനം, ലോൺ ഷെഡ്യൂളിങ്, മോർഗേജ് ബ്രോക്കർ, റിയൽ എസ്റ്റേറ്റ്, പ്രഫഷനൽ ആൻഡ് ടെക്നിക്കൽ ആക്ടിവിറ്റീസ്, അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സപ്പോർട്ട് സർവീസസ്, ആർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്, മൈനിങ് ആൻഡ് ക്വാറിയിങ്, ട്രാൻസ്ഫർമേറ്റീവ് ഇൻഡസ്ട്രീസ്, ട്രാൻസ്പോർട്ടേഷൻ ആൻഡ് വെയർഹൗസിങ്, ഹോസ്പിറ്റാലിറ്റി ആൻഡ് റസിഡൻസി സർവീസസ്, വിവര ഗവേഷണം, സർവേ സേവനങ്ങൾ, വാണിജ്യേതര വിവര സേവനം.
സ്വദേശിയെ നിയമിക്കാത്ത ഈ വിഭാഗം സ്ഥാപനങ്ങൾക്ക് വർഷത്തിൽ 84,000 ദിർഹമാണ് പിഴ. 2025 അവസാനത്തോടെ മൊത്തം 2 യുഎഇ പൗരന്മാർക്ക് ജോലി നൽകാത്ത കമ്പനിക്കുള്ള പിഴ 168,000 ദിർഹമായി വർധിക്കും. 50 ജീവനക്കാരിൽ കൂടുതലുള്ള സ്വകാര്യ കമ്പനികളിലാണ് 2022ൽ സ്വദശിവൽക്കരണം തുടങ്ങിയത്. നിലവിൽ 18,000 സ്വകാര്യ കമ്പനികളിലായി ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 84,000 ആയി കൂടി.
വർഷത്തിൽ 2% സ്വദേശികളെ വീതം 2026 ആകുമ്പോഴേക്കും 10% സ്വദേശിവൽക്കരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. വ്യാജ സ്വദേശിവൽക്കരണം നടത്തി അധികൃതരെ കബളിപ്പിക്കുന്ന കമ്പനികൾക്ക് 20,000 മുതൽ 1,00,000 ദിർഹം വരെ പിഴയുണ്ട്. യുഎഇ പൗരന്മാരുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കി കൃത്രിമം നടത്തുന്നവരെ പിടികൂടാൻ പരിശോധനയും ശക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല