സ്വന്തം ലേഖകന്‍: യുഎഇ സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നടപടികളിലേക്ക്, നീക്കം ഐഎംഎഫ് നിര്‍ദ്ദേശത്തെ തുടര്‍ന്ന്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യം ചെലവു ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുന്നത്. 4.2 ശതമാനം ചെലവ് വെട്ടിച്ചുരുക്കി 460 ബില്ല്യന്‍ ദിര്‍ഹമില്‍ ഒതുക്കാനാണ് തീരുമാനമെനാണ് സൂചന.
2014ല്‍ രാജ്യം വിവിധ മേഖലകളിലായി ചെലവഴിച്ചിരുന്നത് 480 ബില്ല്യന്‍ ദിര്‍ഹമായിരുന്നുവെന്നാണ് സെന്‍ട്രല്‍ ബാങ്കിന്റെയും ഐ.എം.എഫിന്റെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. 2004 മുതല്‍ രാജ്യം ചെലവഴിക്കുന്ന തുകയില്‍ വര്‍ഷംതോറും ശരാശരി 12 ശതമാനം അധികതുക വകയിരുത്താറുണ്ട്.
എന്നാല്‍, എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സബ്‌സിഡിയിനത്തില്‍ വിതരണംചെയ്യുന്ന തുക വെട്ടിക്കുറയ്ക്കണമെന്നൊരു ശുപാര്‍ശ ഐ.എം.എഫ്. മുന്നോട്ടുവെച്ചിരുന്നു. ഇതുപ്രകാരം 2015ല്‍ സബ്‌സിഡി ചെലവില്‍ 34.3 ശതമാനം കുറയ്ക്കുമെന്നാണ് കരുതുന്നത്.
ഇന്ധനവിതരണത്തിന് നല്‍കിയിരുന്ന സബ്‌സിഡിയും അബുദാബിയില്‍ വിദേശികള്‍ക്ക് വൈദ്യുതി, വെള്ളം നിരക്കില്‍ നല്‍കിയ ഇളവും എടുത്തുനീക്കിയത് ചെലവ് വെട്ടിച്ചുരുക്കലിന്റെ ഭാഗമാണ്. ഗ്രാന്‍ഡ് ഇനത്തില്‍ വിതരണം ചെയ്യുന്ന തുകയും കുറയ്ക്കുമെന്നാണ് കരുതുന്നത്.
പലതരത്തിലുള്ള നടപടികളിലൂടെ ചെലവ് വെട്ടിക്കുറയ്ക്കുന്നുണ്ടെങ്കിലും ഗവണ്‍മെന്റ് മേഖലയില്‍ ശമ്പളയിനത്തില്‍ കൂടുതല്‍ തുക ചെലവഴിക്കാനും ഗവണ്‍മെന്റിന് പദ്ധതിയുണ്ട്. ശമ്പളവിതരണത്തിനായി 3.4 ശതമാനം അധികതുക വിനിയോഗിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല