സ്വന്തം ലേഖകൻ: ബാങ്കിങ് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തിയ 494 പേരെ അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ അറിയിച്ചു. ബാങ്കിങ് വിവരങ്ങൾ പുതുക്കാൻ എന്ന പേരിൽ ജനങ്ങളെ ഫോണിൽ ബന്ധപ്പെട്ടു തട്ടിപ്പു നടത്തിയവരാണിവർ.
ഇവർക്കെതിരെ 406 ഫോൺ വിളി കേസുകളുണ്ട്.
പണം തട്ടുന്നതിനും അക്കൗണ്ടുകളിൽ നുഴഞ്ഞു കയറുന്നതിനും ഫോൺ വിളി, ഇമെയിൽ, എസ്എംഎസ്, സമൂഹ മാധ്യമ ലിങ്ക് എന്നീ മാർഗങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിച്ചതെന്നു ദുബായ് പൊലീസ് പറഞ്ഞു. പിടിക്കപ്പെട്ടവരിൽ നിന്നു പണം, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തു.
ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ വിളിക്കുന്നവരോട് ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ പങ്കുവയ്ക്കരുതെന്ന് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹരീബ് അൽ ഷംസി പറഞ്ഞു. അക്കൗണ്ട് അല്ലെങ്കിൽ കാർഡ് ബ്ലോക്ക് ആയെന്നോ മരവിപ്പിച്ചെന്നോ പറഞ്ഞാണ് തട്ടിപ്പുകാർ കുടുക്കുക.
ഇത്തരം സന്ദേശങ്ങളെ അവഗണിക്കണമെന്നും ബ്രിഗ. ഹരീബ് പറഞ്ഞു. ഒരു ബാങ്കും ഫോണിലൂടെ അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കില്ല. അങ്ങനെ അപ്ഡേറ്റ് ചെയ്യേണ്ട വിവരങ്ങൾ ബാങ്കിന്റെ ശാഖ വഴിയോ ബാങ്ക് ആപ്ലിക്കേഷൻ വഴിയോ ചെയ്യണം.
തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ദുബായ് പൊലീസിനെ വിവരം അറിയിക്കണം. ദുബായ് പൊലീസ് ആപ്, ഇ ക്രൈം പ്ലാറ്റ്ഫോം, സ്മാർട് പൊലീസ് സ്റ്റേഷൻ, 901 കോൾ സെന്റർ എന്നിവയിലും പരാതിപ്പെടാം.
അതിനിടെ അവധിക്കാലത്ത് സൈബർ ആക്രമണങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. പെരുന്നാൾ പ്രമാണിച്ച് 9 ദിവസമാണ് അവധി. ഈ കാലയളവിൽ സർക്കാർ സ്ഥാപനങ്ങൾ അടച്ചിടുകയാണ് പതിവ്. ചിലർ നാമമാത്ര ജീവനക്കാരെ ചുമതലപ്പെടുത്തും. ഈ തക്കത്തിൽ സൈബർ തട്ടിപ്പുകാരുടെ എണ്ണം കൂടും. തട്ടിപ്പ് പെട്ടെന്ന് കണ്ടെത്താൻ മതിയായ ജീവനക്കാരില്ലെന്നതാണ് ഇവരുടെ തുറുപ്പുചീട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല