
സ്വന്തം ലേഖകൻ: മൊബൈൽ ബാങ്കിങ് ആപ്പുകൾ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകുമെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്. ഒരു വിരൽ സ്പർശത്തിലൂടെ അക്കൗണ്ടുമായി നേരിട്ടു ബന്ധിപ്പിക്കുന്ന ആപ്പിലൂടെ സൈബർ ക്രിമിനലുകൾ നുഴഞ്ഞു കയറാതിരിക്കാൻ അതീവ ജാഗ്രത വേണമെന്നും ആവശ്യപ്പെട്ടു.
എളുപ്പം കണ്ടുപിടിക്കാൻ സാധിക്കാത്ത ശക്തമായ പാസ്‌വേഡ് (രഹസ്യ കോഡ്) തിരഞ്ഞെടുക്കാം. മറ്റാരെങ്കിലും കാണാൻ ഇടയുള്ള തരത്തിൽ പാസ്‌വേഡ് എഴുതി വയ്ക്കരുത്. മൊബൈലിലോ കംപ്യൂട്ടറിലോ സേവ് ചെയ്യാനും പാടില്ല. പാസ്‌വേഡ് ചോർന്നാൽ ഉടൻ ബാങ്കിൽ അറിയിച്ച് പാസ്‌വേഡ് മാറ്റുകയോ കാർഡ് ബ്ലോക് ചെയ്യുകയോ വേണം.
എച്ച്ടിടിപിഎസ് (https://) എന്നു തുടങ്ങുന്ന വെബ്സൈറ്റ് വിലാസത്തിന്റെ (URL) ഇടതുഭാഗത്ത് ലോക്ക് ചിഹ്നമുള്ള സൈറ്റുകൾ ആണ് സുരക്ഷിതം. ഇത്തരം സൈറ്റുകൾ കാർഡ് വിവരങ്ങൾ എൻക്രിപ്റ്റഡായി നൽകുന്നതിനാൽ കൃത്രിമം കുറവായിരിക്കും. എച്ച്ടിടിപി (http) സൈറ്റുകൾ സുരക്ഷിതമല്ല.
സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് രക്ഷപ്പെടാൻ സോഫ്‌റ്റ്‌വെയർ/സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവ ഉപയോഗിച്ച് യഥാസമയം കംപ്യൂട്ടറും ഫോണുകളും അപ്ഡേറ്റ് ചെയ്യണം.
ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് പിൻ നമ്പർ (വ്യക്തിഗത വിവര നമ്പർ), ഒടിപി (വൺ ടൈം പാസ്‌വേഡ്), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത്. ക്രെഡിറ്റ്/ഡബിറ്റ് കാർഡ് മുഖേന ഓൺലൈൻ ഇടപാട് നടത്തുന്നവരും സുരക്ഷിത അക്കൗണ്ടിലാണോ വിവരങ്ങൾ നൽകുന്നത് എന്ന കാര്യം ഉറപ്പാക്കണം.
ഓൺലൈൻ ഇടപാടിൽ കാർഡ് വിവരങ്ങൾ സേവ് ചെയ്തുവച്ചാൽ പിന്നീടുള്ള ഇടപാടിനു ഒടിപി ചോദിക്കില്ല. ഇതുമൂലം തട്ടിപ്പുകാർ ഇടപാട് നടത്തിയാൽ നമ്മൾ അറിയാതെ പോകും. വ്യാജ സൈറ്റുകളിൽ നൽകുന്ന കാർഡ് വിവരങ്ങൾ നമ്മൾ അറിയാതെ ശേഖരിച്ച് തട്ടിപ്പുകാർ വൻതോതിൽ സാധനങ്ങൾ വാങ്ങിയോ മറ്റു വഴികളിലൂടെയോ ഒറ്റയടിക്കു കാർഡ് പരിധി തീർക്കാനിടയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ കാർഡ് ഉടൻ മരവിപ്പിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല