സ്വന്തം ലേഖകന്‍: യുഎഇയില്‍ തൊഴില്‍ വീസാ അപേക്ഷയ്‌ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍. വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെ ജോലി തേടുന്ന എല്ലാവരും നാട്ടില്‍നിന്നു സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണു നിര്‍ദേശം. എന്നാല്‍ അഞ്ചുവര്‍ഷമായി മറ്റൊരു രാജ്യത്താണു താമസമെങ്കില്‍ അവിടെനിന്നാണു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
ഒന്നിലേറെ രാജ്യങ്ങളില്‍ ജീവിച്ചിട്ടുണ്ടെങ്കില്‍ അവിടെ നിന്നെല്ലാം ഹാജരാക്കണം. മൂന്നുമാസമാണു സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. സ്വഭാവ സര്‍ട്ടിഫിക്കറ്റ് അതതു രാജ്യങ്ങളിലെ യുഎഇ എംബസിയോ കോണ്‍സുലേറ്റോ സാക്ഷ്യപ്പെടുത്തണം. യുഎഇയില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ വീസ പുതുക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. പുതിയ തൊഴില്‍ വീസയിലേക്കു മാറുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പൊലീസ് സ്റ്റേഷനില്‍നിന്നും ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. എമിറേറ്റ്‌സ് ഐഡി നല്‍കിയാല്‍ ഓണ്‍ലൈനായും ലഭിക്കും. തൊഴില്‍ വീസയിലെത്തിയവരുടെ കുടുംബാംഗങ്ങള്‍, ആശ്രിതര്‍ തുടങ്ങിയവര്‍ക്കു സര്‍ട്ടിഫിക്കറ്റ് വേണ്ട.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല